എറണാകുളം: കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന് വിട നല്‍കി നാട്. കുട്ടമ്പുഴ ഉരുളന്‍തണ്ണിയിലെ മാര്‍ത്തോമ്മാ പള്ളിയിലായിരുന്നു സംസ്‌കാര ശുശ്രൂഷകള്‍. കാട്ടാന ആക്രമണത്തില്‍ വന്‍പ്രതിഷേധമാണ് കോതമംഗലത്ത് നടന്നത്. എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം പന്ത്രണ്ട് മണിയോടെയാണ് എല്‍ദോസിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്.
എല്‍ദോസിന്റെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. കാട്ടാന ശല്യം തടയാന്‍ പ്രദേശത്ത് ഒരു സംവിധാനവും ഇല്ലെന്ന് എല്‍ദോസിന്റെ കുടുംബവും നാട്ടുകാരും ആരോപിച്ചു. പ്രതിഷേധവും സംഘര്‍ഷവും കണക്കിലെടുത്ത് ഉരുളന്‍തണ്ണിയിലും പരിസരത്തും പൊലീസ് സുരക്ഷ കര്‍ശനമാക്കിയിരുന്നു. ഇന്ന് കുട്ടമ്പുഴ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. ഉച്ചയ്ക്ക് ശേഷം കോതമംഗലം ഫോറസ്റ്റ് ഓഫീസിലേക്ക് ജനകീയ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരനായിരുന്ന എല്‍ദോസ് വര്‍ഗീസ് ജോലി കഴിഞ്ഞെത്തി വീട്ടിലേക്ക് നടന്നുപോകും വഴിയാണ് ഇന്നലെ രാത്രി കാട്ടാനയുടെ ആക്രമണമുണ്ടായത്.