തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ത്തുന്നതും പരസ്യപ്പെടുത്തുന്നതുമെല്ലാം കുട്ടികളോട് ചെയ്യുന്ന വലിയ ക്രൂരതയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. അക്കാദമിക ധാര്‍മ്മികത പുലര്‍ത്താത്തവരെ സമൂഹം തന്നെ തിരിച്ചറിഞ്ഞ് ജനമധ്യത്തില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാലത്തും പൊതു വിദ്യാഭ്യാസരംഗത്തെ താങ്ങി നിര്‍ത്തിയതും പുഷ്ടിപ്പെടുത്തിയതും പൊതുസമൂഹമാണ്. ഈ കാര്യത്തിലും അത് അത്യാവശ്യമാണെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ടേം പരീക്ഷകള്‍ക്ക് ചോദ്യ പേപ്പര്‍ തയ്യാറാക്കുന്ന പ്രക്രിയയും മറ്റും ആധുനിക സാങ്കേതിക വിദ്യാ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ ചിട്ടപ്പെടുത്തുന്ന കാര്യം ആലോചിക്കും. ഇക്കാര്യങ്ങളുടെയെല്ലാം പ്രായോഗികത തീര്‍ച്ചയായും പരിശോധിക്കും. കെഇആര്‍ അദ്ധ്യായം 8 ല്‍ റൂള്‍ 11 പ്രകാരം, ആന്തരികമായ എഴുത്തുപരീക്ഷകള്‍ നടത്തി കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്ന ഉത്തരവാദിത്വം അതത് സ്‌കൂള്‍ പ്രധാനാധ്യാപകരില്‍ നിക്ഷിപ്തമാണ്. ഇത് പ്രകാരം സ്‌കൂള്‍ അടിസ്ഥാനത്തിലാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയിരുന്നതെന്നും മന്ത്രി പറഞ്ഞു. പരീക്ഷകളുടെ സ്വഭാവവും രഹസ്യാത്മകതയും ഗുണനിലവാരവും നിലനിര്‍ത്തി എങ്ങനെ മുന്നോട്ടു പോകാമെന്ന് ഗൗരവമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.