തിരുവനന്തപുരം: 29-ാമത് ഐ എഫ് എഫ് കെ സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച മേളയെന്ന് മുഖ്യമന്ത്രി. സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചാണ് ഇത്തവണത്തെ ചലച്ചിത്ര മേള കൂടുതല്‍ ശ്രദ്ധേയമായതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മികച്ച ദൃശ്യാനുഭവം നല്‍കിയ മേളയുടെ ഉദ്ഘാടന ചടങ്ങില്‍ ആദരിക്കപ്പെട്ടത് ഹോങ്കോങ് സംവിധായിക ആന്‍ ഹുയിയും അഭിനേത്രി ശബാന ആസ്മിയുമാണ്. സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ലഭിച്ചത് സംവിധായിക പായല്‍ കപാഡിയക്കാണ്. ആകെ പ്രദര്‍ശിപ്പിച്ച 177 സിനിമകളില്‍ 40 ല്‍ പരം ചിത്രങ്ങളും സ്ത്രീ സംവിധായകരുടേതാണ്. മേളയുടെ സിഗ്‌നേച്ചര്‍ ഫിലിമിലൂടെ ആദരിക്കപ്പെട്ടത് നമ്മുടെ ആദ്യ നായിക പി കെ റോസിയാണ്.
സ്ത്രീപക്ഷ കാഴ്ച്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച മേള ഒരുമയുടെയും ഐക്യത്തിന്റെയും വേദിയായി മാറിയത് ഏറെ സന്തോഷം നല്‍കുന്നു.ചലച്ചിത്ര പ്രവര്‍ത്തകരുടെ അഭൂതപൂര്‍വമായ പങ്കാളിത്തവും നിര്‍ലോഭമായ സഹകരണവും മേളയെ വന്‍ വിജയമാക്കി തീര്‍ത്തു. ചലച്ചിത്ര പ്രവര്‍ത്തകരെ അഭിനന്ദിച്ച മുഖ്യമന്ത്രി പുരസ്‌കാരങ്ങള്‍ കൂടുതല്‍ മികച്ച ചിത്രങ്ങളുമായി വീണ്ടുമെത്താന്‍ അവര്‍ക്ക് പ്രചോദനമാവട്ടെയെന്നു ആശംസിച്ചു. അടിച്ചമര്‍ത്തപ്പെട്ടവരുടെയും ദുരിതമനുഭവിക്കുന്നവരുടെയും അവകാശങ്ങള്‍ക്കൊപ്പമാണ് ഈ ചലച്ചിത്രമേള. മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ നിന്നുതന്നെ അത് വ്യക്തമാണ്.ഭരണ സംവിധാനത്തിന്റെ അടിച്ചമര്‍ത്തപ്പെടലുകള്‍ക്ക് വിധേയരായവരുടെ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ജാഫര്‍ പനാഹി തിരക്കഥയൊരുക്കിയ ദ വിറ്റ്‌നസ്സ് ആ നിരയിലുള്ളതാണ്. വനിതകളുടെ അവകാശപോരാട്ടങ്ങള്‍ പറഞ്ഞ ‘സീഡ്സ് ഓഫ് ദി സേക്രഡ് ഫിഗ്’, ക്വീര്‍ രാഷ്ട്രീയം പ്രമേയമായ ‘യങ് ഹേര്‍ട്ട്‌സ്’, ‘എമിലിയ പരേസ്’, പാരിസ്ഥിതിക വിഷയങ്ങള്‍ പറഞ്ഞ ‘വില്ലേജ് റോക്ക് സ്റ്റാര്‍സ് -2’ എന്നീ ചിത്രങ്ങള്‍ മേളയില്‍ ശ്രദ്ധേയമായി. മൂന്നാം ലോക രാജ്യങ്ങളിലെ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക വയക്തിക വിഷയങ്ങളെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ മേളയിലൂടെ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ട്. ഒട്ടു മിക്കചിത്രങ്ങളും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത് ജനപങ്കാളിത്തത്തിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യരുടെ ആന്തരിക സംഘര്‍ഷങ്ങളും മനുഷ്യര്‍ തമ്മിലുള്ള രാഷ്ട്രീയ. സംഘര്‍ഷങ്ങളും പ്രമേയയ മേളയിലെ ചിത്രങ്ങള്‍, വ്യക്തമായ രാഷ്ട്രീയ ബോധമുള്ള പുതു തലമുറയ്ക്ക് പ്രചോദനമാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കുറച്ചു ദിവസങ്ങളായി തലസ്ഥാന നഗരി കാലദേശങ്ങള്‍ കടന്നുള്ള അഭ്രപാളിയിലെ അത്ഭുതങ്ങള്‍ കാണുകയായിരുന്നെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മാത്രമല്ല സിനിമ കാണുന്നതും രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തനമാണ്.മേളയില്‍ പങ്കെടുത്തവര്‍,മേളയിലെ രക്തദാന പരിപാടിയുടെ ഭാഗമായത് ചലച്ചിത്ര പ്രവര്‍ത്തനം മാനവികതയുടെ കരുത്താണെന്ന് ബോധ്യപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.