മൂന്നാറില്‍ കര്‍ഷകരില്‍ നിന്ന് പച്ചക്കറി വാങ്ങിയ ശേഷം പണം നല്‍കാതെ മുങ്ങിയ ആള്‍ ഒന്നര വര്‍ഷത്തിന് ശേഷം പിടിയില്‍. ചെണ്ടുവരെ എസ്റ്റേറ്റ് പിആര്‍ ഡിവിഷനില്‍ യേശുരാജാണ് (32) അറസ്റ്റിലായത്. വട്ടവടയിലെ വിവിധ കര്‍ഷകരില്‍ നിന്ന് പല തവണയായി 1.5 കോടി രൂപയുടെ പച്ചക്കറിയാണ് മൊത്തവിലയില്‍ ഇയാള്‍ വാങ്ങിയത്. എന്നാല്‍ ഇതിന് ശേഷം പച്ചക്കറി തമിഴ്‌നാട്ടില്‍ വില്‍പ്പന നടത്തുകയായിരുന്നു. മൂന്നാറിലെ സ്വകാര്യ കമ്പനിയായിരുന്നു കര്‍ഷകരില്‍ നിന്ന് പച്ചക്കറി വാങ്ങിയിരുന്നത്.
കമ്പനി ജീവനക്കാരനായിരുന്ന ഇയാള്‍ കമ്പനി അറിയാതെ സ്വന്തം നിലയില്‍ പച്ചക്കറി വാങ്ങി മറിച്ചുവിറ്റു. കര്‍ഷകര്‍ പണം വാങ്ങാനായി കമ്പനിയെ സമീപിച്ചപ്പോഴാണ് തട്ടിപ്പുവിവരം പുറത്തറിഞ്ഞത്. പിന്നീട് ഇയാള്‍ തമിഴ്‌നാട്ടിലേക്ക് മുങ്ങുകയായിരുന്നു. തുടര്‍ന്ന് കമ്പനി അധികൃതരും കര്‍ഷകരും നല്‍കിയ പരാതിയിലാണ് മൂന്നാര്‍ പൊലീസ് കേസെടുത്തത്.