കൊച്ചി: വിമാനത്തില്‍ യാത്ര ചെയ്യുന്ന പോലുള്ള അനുഭവമാണ് കൊച്ചി വാട്ടര്‍ മെട്രോയിലേതെന്ന് കേന്ദ്ര ഊര്‍ജ, ഭവന, നഗരവികസന വകുപ്പ് മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. നഗര ഗതാഗതത്തില്‍ മെട്രോയ്ക്ക് വളരെ വലിയ പങ്കാണ് വഹിക്കാനുള്ളത്. വാട്ടര്‍ മെട്രോ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 35 ലക്ഷം പേര്‍ ഇതേവരെ വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇത് വാട്ടര്‍ മെട്രോയല്ല, വാട്ടര്‍പ്ലെയിന്‍’ യാത്ര എന്നാണ് മെട്രോയ്ക്ക് ശേഷം കേന്ദ്ര മന്ത്രി പറഞ്ഞ വാക്കുകള്‍. വാട്ടര്‍ മെട്രോയില്‍ യാത്ര നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷദ്വീപില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ അദ്ദേഹം റോഡ് മാര്‍ഗം വാട്ടര്‍ മെട്രോ ഹൈക്കോടതി ജട്ടിയില്‍ എത്തുകയും അവിടെ നിന്ന് യാത്ര ആരംഭിക്കുകയും ചെയ്തു. ഒരു മണിക്കൂറോളം ബോട്ടില്‍ ചിലവഴിച്ച് വൈപ്പിന്‍ വരെയുള്ള കായല്‍ ദൃശ്യങ്ങള്‍ അദ്ദേഹം ആസ്വദിച്ചു.
പ്രൈവറ്റ് സെക്രട്ടറി വിജയ് ദത്ത, ഊര്‍ജവകുപ്പ് ജോയിന്റ് സെക്രട്ടറി ശശാങ്കര്‍ മിശ്ര, നഗര വികസന വകുപ്പ് ജോയ്ന്റ് സെക്രട്ടറി രവി അറോറ, ഉന്നത ഉദ്യോഗസ്ഥരായ ദീപക ശര്‍മ, രാം ലാല്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.