എം.ടി എന്ന രണ്ടക്ഷരം ഇനിയില്ല. മലയാളത്തെ ലോകസാഹിത്യത്തിന്റെ നെറുകയിലെത്തിച്ച എംടി വാസുദേവന്‍ നായര്‍ക്ക് മലയാളക്കര വിട നല്‍കുകയാണ്. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, ലേഖകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, നടന്‍, സംവിധായകന്‍, നാടകപരിഭാഷകന്‍, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, അധ്യാപകന്‍, സംഘാടകന്‍ തുടങ്ങി എല്ലാ മേഖലകളിലും എംടിയുടെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. എംടിയുടെ ഭാവനയില്‍ രൂപം കൊണ്ട കഥാപാത്രങ്ങള്‍ എല്ലാം അത്രമേല്‍ അവിസ്മരണീയമായിരുന്നു. 1933 ജൂലൈ 15ന് പാലക്കാട് കൂടല്ലൂരിലാണ് എംടിയുടെ ജനനം. പഠനം കുമരനെല്ലൂര്‍ സ്‌കൂളിലും പാലക്കാട് വിക്ടോറിയ കോളജിലും. മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി തുടക്കം. ആദ്യ കഥ വിഷു ആഘോഷം(1948)ചിത്രകേരളത്തിലായിരുന്നു.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 11 ദിവസമായി എം ടി വാസുദേവന്‍ നായര്‍ ആശുപത്രിയില്‍ കഴിയുന്നത്. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്നലെ കിഡ്‌നിയുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ഒരു മാസത്തിനിടെ പല തവണ എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ 15ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും കുറച്ചു നാളുകളായി അലട്ടിയിരുന്നു. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാവിലെ മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയിരുന്നു. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തിന് രൂപം നല്‍കുകയും ചെയ്തു.
മരണ സമയത്ത് ഭാര്യയും മകളും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെല്ലാം ആശുപത്രിയിലുണ്ടായിരുന്നു. ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള, മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, ജെ ചിഞ്ചുറാണി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എംഎല്‍എമാര്‍, രാഷ്ട്രീയ നേതാക്കള്‍, സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ എത്തി ഡോക്ടര്‍മാരോടും എംടിയുടെ ബന്ധുക്കളുമായും സംസാരിച്ചു. എഴുത്തുകാരും സാംസ്‌കാരിക നായകന്മാരും ഉള്‍പ്പെടെ വലിയ സുഹൃദവലയുണ്ടായിരുന്ന എംടിയുടെ നിരവധി സുഹൃത്തുക്കള്‍ രാത്രി വൈകിയും ആശുപത്രിയില്‍ ഉണ്ടായിരുന്നു.
എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സര്‍ക്കാര്‍ ഡിസംബര്‍ 26, 27 തിയ്യതികളില്‍ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.