Newsperseconds.com

എംടിയുമായി വര്‍ഷങ്ങളായുള്ള ബന്ധം; അദ്ദേഹത്തിന്റെ തൂലികയില്‍ സൃഷ്ടിച്ച ഒരുപാട് നല്ല കാഥാപാത്രങ്ങള്‍ ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു; മോഹന്‍ലാല്‍

Mohanlal

കോഴിക്കോട്: എംടിയുടെ വിയോഗത്തില്‍ കണ്ണുനിറഞ്ഞ് നടന്‍ മോഹന്‍ലാല്‍. സിത്താരയിലെത്തി എംടിയെ അവസാനമായി ഒരു നോക്ക് കാണാന്‍ മോഹന്‍ലാലെത്തി. എംടിയുമായി വര്‍ഷങ്ങളായുള്ള ബന്ധമുണ്ടെന്നും നല്ല സ്‌നേഹബന്ധമായിരുന്നുവെന്നും നടന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിനിമാ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങള്‍ തന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ തൂലികയില്‍ സൃഷ്ടിച്ച ഒരുപാട് നല്ല കാഥാപാത്രങ്ങള്‍ അഭിനയിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. തന്റെ സംസ്‌കൃത നാടകങ്ങള്‍ കാണാന്‍ അദ്ദേഹം മുംബൈയില്‍ എത്തിയിരുന്നു. വൈകാരികമായ അടുപ്പം ഉണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം ടി വാസുദേവന്‍ നായര്‍ (91) ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്. എംടിയുടെ ഭൗതികദേഹം ഇന്ന് അഞ്ച് മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിക്കും. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച എം ടിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിര രംഗത്തെ നിരവധി പേര്‍ ആശുപത്രി പരിസരത്തും എത്തിയിരുന്നു. ഡിസംബര്‍ 16 ന് പുലര്‍ച്ചെയാണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എം ടിയുടെ ആഗ്രഹപ്രകാരം പൊതുദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്.

കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, ലേഖകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, നടന്‍, സംവിധായകന്‍, നാടകപരിഭാഷകന്‍, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, അധ്യാപകന്‍, സംഘാടകന്‍, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്‌കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തന്റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവന്‍ നായര്‍.

Share this Article

Leave a Comment