കൊച്ചി: ന്യൂയര്‍ ആഘോഷങ്ങളുടെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. പാപ്പാഞ്ഞിയുടെ ചുവട്ടില്‍ നിന്ന് 70 അടി അകലത്തില്‍ സുരക്ഷാ ബാരിക്കേഡ് നിര്‍മ്മിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇരുമൈതാനങ്ങള് തമ്മിലും രണ്ട് കിലോമീറ്റര്‍ മാത്രം അകലമാണുള്ളത്. പരേഡ് മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് സുരക്ഷയൊരുക്കാന്‍ മാത്രം ആയിരത്തിലേറെ പൊലീസുകാര്‍ വേണമെന്നും അഭിപ്രായം നിലനില്‍ക്കുന്നുണ്ട്.
ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് സ്ഥാപിക്കുന്ന 40 അടി ഉയരമുള്ള പാപ്പാഞ്ഞി നീക്കാന്‍ നേരത്തെ പൊലീസ് നിര്‍ദേശിച്ചിരുന്നു. ക്രമസമാധാന പ്രശ്നം ചൂണ്ടികാട്ടിയായിരുന്നു നീക്കം. ഇതിനെതിരെ സംഘാടകരായ ഗലാ ഡേ ഫോര്‍ട്ട് കൊച്ചി കോടതിയെ സമീപിക്കുകയായിരുന്നു. ഡിസംബര്‍ 31 രാത്രി ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനത്ത് കത്തിക്കുന്ന പാപ്പാഞ്ഞിക്ക് പുറമെയാണ് വെളിമൈതാനത്തും പാപ്പാഞ്ഞിയെ സ്ഥാപിച്ചത്.