92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ആശംസകള്‍ നേര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. പ്രസിദ്ധമായ ശിവഗിരി തീര്‍ത്ഥാടനത്തിനായി നാനാ ദിക്കില്‍ നിന്നും ലക്ഷകണക്കിന് ഭക്തര്‍ എത്തുമ്പോള്‍ ചൈതന്യം ഒഴുകുകയാണെന്നും അതിനേക്കാള്‍ മറ്റൊരു സന്തോഷം ഇല്ലെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു. അറിവിന്റെ തീര്‍ത്ഥാടനമായി ഭഗവാന്‍ പ്രഖ്യാപനം ചെയ്തിട്ടുള്ള ശിവഗിരി തീര്‍ത്ഥാടനം മഹാതീര്‍ത്ഥാടനമായി മാറിയിരിക്കുകയാണ്. ഗുരുദേവന്‍ ഉദ്‌ഘോഷിച്ച എട്ട് കാര്യങ്ങളിലൂന്നി നിന്നുള്ള മഹാസമ്മേളനം അറിവിന്റെ തീര്‍ത്ഥാടനമായി പ്രഭ ചൊരിയുകയാണ്. ഡിസംബര്‍ 30, 31 ജനുവരി 1 തിയ്യതികളിലായി നടക്കുന്ന മഹാതീര്‍ത്ഥാടനത്തിന് എല്ലാ വിധ ആശംസകളും നേരുന്നുവെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.
ചൈതന്യ പൂര്‍ണമായ ജീവിത ദര്‍ശനമാണ് ഗുരുദേവന്‍ മുന്നോട്ടു വച്ചത്. മനുഷ്യത്വം പിളര്‍ന്നു പോകുന്ന ഈ ലോകസാഹചര്യത്തില്‍ ശാന്തിയുടേയും സമാധാനത്തിന്റെയും അഭിവൃദ്ധിയുടേയും മൗലികമായ ദര്‍ശനമാണ് ഗുരുദേവന്‍ മനുഷ്യരാശിക്ക് നല്‍കിയത്. കാരുണ്യത്തിന്റെയും അഹിംസയുടേയും വിശുദ്ധിയുടേയും തീര്‍ത്ഥാടന വേളയില്‍ ഭക്തര്‍ ശിവഗിരിയില്‍ ഒത്തുചേരുകയാണ്. ലോകത്തിന്റെ വളര്‍ച്ചയ്ക്കായി ജന്മമെടുത്ത അവതാര പുരുഷനായ ശ്രീനാരായണ ഗുരുദേവന്റെ മഹത് സന്ദേശങ്ങള്‍ മുറുകെ പിടിച്ചാണ് ഓരോ ഭക്തനും ശിവഗിരി തീര്‍ത്ഥാടനത്തിനെത്തുന്നത്. ഗുരുദേവ ദര്‍ശനങ്ങള്‍ ഇന്ത്യയുടെ അതിര്‍ത്തിക്കപ്പുറം ലോകരാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുമ്പോള്‍ ഒരു ശ്രീനാരയണീയന്‍ എന്ന നിലയില്‍ അഭിമാനവും സന്തോഷവുമാണെന്നും അദ്ദേഹം പറഞ്ഞു. ഉപാനിഷ്ടാനത്തോട് കൂടി ശിവഗിരിയിലെത്തുകയും തീര്‍ത്ഥാടനത്തില്‍ എല്ലാവരും പങ്കാളികളാവുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.