അറിവിന്റെ തീര്‍ത്ഥാടനമായ ശിവഗിരി തീര്‍ത്ഥാടനത്തിന് ആശംസകള്‍ നേര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ജനറല്‍ Amb. ഡോ. രാജീവ്മേനോന്‍. ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ സാംസ്കാരിക വേദിയായ ശിവഗിരി തീര്‍ത്ഥാടനം 92-ാം വര്‍ഷത്തിന്റെ നിറവിലെത്തി നില്ക്കുമ്പോള് ശ്രീനാരയണീയ ഭക്തര്‍ ഗുരു ചൈതന്യത്താല്‍ തിളങ്ങുകയാണ്. ശിവഗിരി തീര്‍ത്ഥാടനം ഗുരുവിന്റെ തന്നെ മഹാസങ്കല്‍പ്പത്തില്‍ വിരിഞ്ഞ ഒരു പ്രസ്ഥാനമാണ്. ഗുരുദേവന് അരുളായി, പൊരുളായി, പ്രകാശമായി നമുക്കൊപ്പം എന്നും നിലകൊള്ളുന്നുണ്ട്. അഖിലത്തിന്റെയും ചൈതന്യമായി ആ വെളിച്ചം നില നില്‍ക്കുന്നുവെന്നും അത് പ്രകാശപൂര്ണ്ണമാക്കേണ്ടത് നമ്മള് ഓരോരുത്തരുമാണെന്നും ഡോ.രാജീവ്മേനോന്‍ പറഞ്ഞു. ഡിസംബര്‍ 30, 31 ജനുവരി 1 തിയ്യതികളിലായി നടക്കുന്ന മഹാതീര്‍ത്ഥാടനത്തിന് എല്ലാ വിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാനാദിക്കില്‍ നിന്നും ശിവഗിരിയിലേക്ക് ഭക്തര്‍ ഒഴുകിയെത്തുകയാണ്. കാരുണ്യത്തിന്റെയും അഹിംസയുടേയും വിശുദ്ധിയുടേയും തീര്‍ത്ഥാടന വേളയില്‍ ഭക്തര്‍ ശിവഗിരിയില്‍ ഒത്തുചേരുകയാണ്. ലോകത്തിന്റെ വളര്‍ച്ചയ്ക്കായി ജന്മമെടുത്ത അവതാര പുരുഷനായ ശ്രീനാരായണ ഗുരുദേവന്റെ മഹത് സന്ദേശങ്ങള്‍ മുറുകെ പിടിച്ചാണ് ഓരോ ഭക്തനും ശിവഗിരി തീര്‍ത്ഥാടനത്തിനെത്തുന്നത്. മാനവരാശി അതിസങ്കീര്‍ണമായ മാനസികാവസ്ഥയിലൂടെ കടന്നു പോവുകയാണ്. ശ്രീനാരായണ ഗുരുദേവന് അരുളിചൊല്ലിയ അഷ്ടലക്ഷ്യങ്ങള്‍ ആഴവും പരപ്പും സൂക്ഷമതയുമുള്ളതാണ്. ആദ്ധ്യത്മിക എന്നത് ഒരു സാങ്കല്‍പ്പിക ലോകത്തെക്കുറിച്ചുള്ള അറിവല്ല. അത് ദൈനംദിന ജീവിതത്തില്‍ അടുക്കും ചിട്ടയും ബൗദ്ധികമായും മാനസികമായുമുള്ള തെളിച്ചവും നല്കുന്ന മഹിതമായ അറിവാണ്. ഗുരുവിലേക്ക് അടുത്ത് നൂതനങ്ങളായ ചിന്തകളാല്‍ ഗുരുകൃപാ കടാക്ഷം ഏവര്‍ക്കും ഉണ്ടാകട്ടെയെന്നും ഡോ.രാജീവ്മേനോന്‍ ആശംസിച്ചു.