കൊച്ചി: എംഎല്‍എ ഉമതോമസ് സ്‌റ്റേഡിയത്തില്‍ നിന്ന് താഴേക്ക് വീണ് പരിക്കേറ്റ സംഭവത്തില്‍ പരിപാടി സംഘടിപ്പിച്ച ‘മൃദംഗ വിഷ’ന്റെ സിഇഒ അറസ്റ്റില്‍. കൊച്ചിയിലെ ഒരു ഫ്‌ലാറ്റില്‍ നിന്നാണ് സിഇഒ ആയ ഷമീര്‍ അബ്ദുല്‍ റഹീം പിടിയിലായത്. മാനദണ്ഡങ്ങള്‍ അനുസരിക്കാതെയാണ് സംഘാടകര്‍ പരിപാടി നടത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
ഇന്നലെ കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ഉമതോമസ് വീണ് പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും അടക്കം ഗുരുതര പരിക്കേറ്റ എംഎല്‍എ ഇപ്പോഴും ഐസിയുവില്‍ തുടരുകയാണ്. തലയ്ക്ക് ഗുരുതര പരിക്കുണ്ടെങ്കിലും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, പരിപാടിയെച്ചൊല്ലി ദിവ്യാ ഉണ്ണിക്കെതിരെ നടക്കുന്ന സാമ്പത്തിക ആരോപണത്തില്‍ ആവശ്യമെങ്കില്‍ നടിയെ വിളിച്ചുവരുത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. വിഷയത്തില്‍ പാലാരിവട്ടം പൊലീസ് കേസ് എടുത്തിട്ടുണ്ട് എന്നും സംഘാടകര്‍ അനുമതി എടുത്തിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.