Newsperseconds.com

അധസ്ഥിത വര്‍ഗ്ഗത്തില്‍ പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി പടപൊരുതിയ മഹാനായ വ്യക്തി; ഇന്ന് മന്നം ജയന്തി

Mannamjayanthi

ചങ്ങനാശ്ശേരി: നായര്‍ സമുദായത്തേയും മറ്റ് ഇതര സമുദായങ്ങളേയും കൂട്ടി യോജിപ്പിക്കാന്‍ വേണ്ടി അഹോരാത്രം കഷ്ടപ്പെട്ട എന്‍എസ്എസ് ആചാര്യന്‍ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ 148-ാമതു ജയന്തി ഇന്ന്. ഇതിനോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷങ്ങള്‍ നടക്കും. പെരുന്ന എന്‍ എസ് എസ് ആസ്ഥാനത്ത് ഇന്നലെയും ഇന്നുമായി വമ്പിച്ച ആഘോഷ പരിപാടികളാണ് നടക്കുന്നത്. കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത് പത്മനാഭന്‍. അധസ്ഥിത വര്‍ഗ്ഗത്തില്‍ പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി പടപൊരുതിയ മഹാനായ വ്യക്തി കൂടിയാണ് അദ്ദേഹം. നായാടി മുതല്‍ നമ്പൂതിരി വരെ എന്ന ആശയത്തെ മുറുകെ പിടിച്ച് മുന്നോട്ട് പോകാന്‍ എല്ലാ സമുദായത്തേയും അദ്ദേഹം ചേര്‍ത്തുപിടിച്ചു.

മന്നത്ത് പത്മനാഭന്‍ സാമൂഹ്യ-സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ വരുത്തിയ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. സമുദായ താല്‍പര്യത്തോടൊപ്പം ജനാധിപത്യവും രാജ്യസ്‌നേഹവും അദ്ദേഹം കാത്തുസൂക്ഷിച്ചു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സാമൂഹ്യ പരിഷ്‌ക്കര്‍ത്താവും ആയിരുന്നു. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപകനായ അദ്ദേഹത്തെ ‘കേരളത്തിലെ മദന്‍ മോഹന്‍ മാളവ്യ’ എന്നും ‘ഭാരത കേസരി’ എന്നും വിളിക്കുന്നു. 1878 ജനുവരി 2-ന് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയില്‍ പെരുന്ന ഗ്രാമത്തിലായിരുന്നു ജനനം.

1958ല്‍ ഭാരത സര്‍ക്കാര്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. 1964-ല്‍ രാഷ്ട്രപതി ഭാരത കേസരി സ്ഥാനം നല്‍കി ആദരിച്ചു. 1970 ഫെബ്രുവരി 25-ന് 92-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു. മന്നത്ത് പത്മനാഭപിള്ള കേരളത്തിന്റെ ചരിത്രത്തിലെ ഒരു പ്രധാന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക പുരോഗതിക്ക് വലിയ സംഭാവനയാണ് നല്‍കിയത്. എല്ലാ വര്‍ഷവും ജനുവരി 2 മന്നം ജയന്തിയായി കേരളീയര്‍ ആചരിക്കുന്നു.

Share this Article

Leave a Comment