കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക്ക് മാർട്ടിനുമായുള്ള അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ് ഇന്ന് പൂർത്തിയാക്കും. സ്ഫോടനത്തിന് ഉപയോഗിച്ച പെട്രോൾ വാങ്ങിയ പമ്പിലും തമ്മനത്തെ വീട്ടിലുമാണ് ഇന്ന് തെളിവെടുക്കുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള എല്ലാ തെളിവുകളും ഇതിനോടകം അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
അതേസമയം, പ്രതി ഡൊമിനിക്ക് മാർട്ടിന്റെ വിദേശ ബന്ധത്തെ കുറിച്ചുള്ള വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ച് വരുകയാണ്. വിവിധയിടങ്ങളിലെ തെളിവെടുപ്പിൽ പ്രതി തന്നെ പൊലീസിനെ തെളിവുകൾ കണ്ടെത്താൻ സഹായിച്ചിരുന്നു.
സാമ്ര കൺവെൻഷൻ സെൻ്ററിലെ തെളിവെടുപ്പ് ആറ് മണിക്കൂറിലധികം സമയമെടുത്താണ് പൂർത്തികരിച്ചത്. യഹോവയുടെ സാക്ഷികളുടെ കൂട്ടായ്മയിലെ ചിലരോട് തനിക്ക് വിരോധം ഉണ്ടായിരുന്നതായി ഡൊമിനിക്ക് മൊഴി നൽകിയിരുന്നു.
ഒക്ടോബർ 29-ന് രാവിലെ ഒൻപതരയോടെയാണ് യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ ഹാളിൽ സ്ഫോടനമുണ്ടായത്. അഞ്ചു പേരാണ് സ്ഫോടനത്തിൽ ഇതുവരെ കൊല്ലപ്പെട്ടത്.