നിലമ്പൂര്‍: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പി വി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍. തവനൂര്‍ സബ് ജയിലിലേക്കാണ് പിവി അന്‍വറിനെ കൊണ്ടുപോയത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അന്‍വറിനെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇന്നലെ രാത്രി 9 മണിയോടെയാണ് എടവണ്ണ ഒതായിയിലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വന്‍ പോലീസ് സന്നാഹത്തോടെയാണ് അന്‍വറിനെ അറ്‌സറ്റ് ചെയ്തത്.
അന്‍വറിന് പുറമേ ഡിഎംകെ പ്രവര്‍ത്തകരായ സുധീര്‍ പുന്നപ്പാല, മുസ്തഫ പട്ടാമ്പി, ഷൗക്കത്ത് പനമരം, കുഞ്ഞിമുഹമ്മദ് എന്നവരേയും റിമാന്‍ഡ് ചെയ്തിരുന്നു. ഡിഎംകെ പ്രവര്‍ത്തകരേയും തവനൂര്‍ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്. അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയ വിവരം അറിഞ്ഞ് ഡിഎംകെ പ്രവര്‍ത്തകര്‍ അടക്കം വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. അറസ്റ്റിന് പിന്നാലെ അന്‍വറിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചിരുന്നു.