63-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണശാല മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, എം. എല്‍. എമാരായ വി ജോയ്, കടകംപള്ളി സുരേന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, തോട്ടത്തില്‍ രവീന്ദ്രന്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. കുട്ടികളെയും ഭക്ഷണം കഴിക്കുന്നവരെയും സന്ദര്‍ശിച്ച് കുശലാന്വേഷണങ്ങള്‍ നടത്തി ഒരു ഗ്ലാസ് പായസവും കുടിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. കലോത്സവത്തിന് ഭക്ഷണമൊരുക്കുന്ന പഴയിടം നമ്പൂതിരിയെയും പിണറായി വിജയന്‍ സന്ദര്‍ശിച്ചു.
കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 47,000ത്തോളം പേരാണ് അഞ്ചുനേരം കൊണ്ടു ഭക്ഷണം കഴിച്ചത്. മിനിഞ്ഞാന്ന് രാത്രി ഒരുമണിവരെ ഭക്ഷണം നല്‍കിയതെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മൂന്നാം ദിനം മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ കണ്ണൂരും തൃശൂരും, കോഴിക്കോടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്.