എസ്എന്‍ഡിപി യോഗമെന്ന മഹാ പ്രസ്ഥാനത്തിന് ഭഗവാന് ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങള്‍ ദീപം തെളിയിച്ച ദിനമാണ് ജനുവരി 7. നിലവില്‍ കേരളത്തിന്റെ സാമൂഹിക ജീവിതത്തിലും രാഷ്ട്രീയത്തിലും നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിവുള്ള പ്രബലവും ശക്തവുമായ ഒരു സംഘടനയായി എസ്എന്‍ഡിപി മാറിയെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്.സി രാജീവ്ദാസ് പറഞ്ഞു.
അധസ്ഥിതവര്ഗ്ഗത്തിന് ഒത്ത് ചേരാനും ക്ഷേത്രത്തില്‍ പ്രവേശിക്കാനും പറ്റാത്ത ദുരവസ്ഥ, ജനിച്ച ജാതിയുടെ പേരില്‍ ജീവിക്കാന്‍ അനുവാദമില്ലാത്ത സാഹചര്യം അതിനെതിരെ സംഘടിക്കണമെന്ന ഗുരുവിന്റെ ചിന്തകളുടെ അടിസ്ഥാനത്തിലാണ് അരുവിപ്പുറം ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം എന്ന മഹാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം കേരളീയ സാംസ്കാരിക, അദ്ധ്യാത്മിക രംഗത്ത് നിറഞ്ഞുനില്ക്കുന്ന നാമമാണ് ഗുരുവിന്റേതെന്നും ആര്.സി രാജീവ്ദാസ് പറഞ്ഞു. സാമുദായികസമത്വത്തിനുവേണ്ടിയുള്ള സംഘടിതയത്നം കേരളത്തില്‍ ആദ്യമായുണ്ടായത് എസ്.എന്‍.ഡി.പി യോഗത്തിന്റെ ആരംഭത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.
ഭൗതികവും ആത്മീയതയും കൂട്ടി യോജിപ്പിച്ചായിരിക്കണം സംഘടനയെന്ന് ഭഗവാന് ശ്രീനാരായണ ഗുരുദേവന് കല്പിച്ചരുളിയ പ്രകാരമാണ് ഡോക്ടര്‍ പല്പു സംഘടനയുടെ ഘടന തയ്യാറാക്കിയത്. അധസ്ഥിത സമൂഹത്തിന്റെ കരംപിടിച്ചു സംഘടനയുടെ പ്രഥമ ജനറല്‍ സെക്രട്ടറിയായ മഹാകവി കുമാരനാശാന്റെ കര്മ്മകുശലതയിലൂടെ വളര്‍ന്ന്, പിന്നീട് ടി കെ മാധവന് എന്ന വിപ്ലകാരിയുടെ നിതാന്തമായ പരിശ്രത്തിലൂടെ മലയാളക്കരയില്‍ പടര്‍ന്നു പന്തലിച്ച മഹാപ്രസ്ഥാനമാണ് അരുവിപ്പുറം എസ്.എന്‍.ഡി.പി.യോഗം. മഹാപ്രസ്ഥാനത്തിന്റെ ആദ്യ ശാഖ പ്രവര്‍ത്തനം ആരംഭിച്ചത് ആലപ്പുഴയിലെ കുട്ടനാട്ടിലാണന്നത് എടുത്തു പറയേണ്ട കാര്യമാണ്. 123 വര്‍ഷങ്ങള്‍ക്കിപ്പുറവും ഗുരുവിന്റെ ആശയത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചിട്ടേയുള്ളൂ. ഗുരുവിന്റെ ദര്‍ശനവും ഇടപെടലുകളും കേരളീയ സമൂഹത്തെയാകെയാണ് പ്രകമ്പനം കൊള്ളിച്ചത്. നവോത്ഥാന കേരളത്തിന്റെ കണ്ണാടിയെന്നോണം ഗുരുരുദര്‍ശനങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ ഇന്നും ചലനാത്മകമാക്കുന്നു. ഗുരുവിന്റെ ഇടപെടലുകളും പോരാട്ട ചരിത്രവും നമുക്ക് എക്കാലവും മാര്ഗ്ഗദര്ശകമാവട്ടെയന്നും ആര്.സി രാജീവ്ദാസ് പറഞ്ഞു.