കേരളത്തിന്റെ തലസ്ഥാനത്തിന് പുസ്തക തലസ്ഥാനമാകാനുള്ള സര്‍വ യോഗ്യതയുമുണ്ടെന്നും ഇതിനായി യുനെസ്‌കോയ്ക്ക് നിയമസഭാ സ്പീക്കര്‍ കത്തയയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെ.എല്‍.ഐ.ബി.എഫ്) മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോഴിക്കോട് ലോക സാഹിത്യനഗരി ആയതുപോലെ തിരുവനന്തപുരം യുനെസ്‌കോയുടെ വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍ സ്ഥാനത്തിന് അര്‍ഹമാകണമെന്നും അദ്ദേഹം പറഞ്ഞു.
യുനെസ്‌കോയ്ക്ക് ഓരോ വര്‍ഷവും ഓരോ നഗരത്തെ ലോക പുസ്തക തലസ്ഥാനമായി അംഗീകരിക്കുന്ന ഒരു പദ്ധതിയുണ്ട്. ഇന്ത്യയിലെ ഏതെങ്കിലുമൊരു നഗരത്തിന് യുണൈറ്റഡ് നേഷന്‍സിന്റെ പുസ്തക തലസ്ഥാനം ‘വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍’ എന്ന പദവിക്ക് അര്‍ഹതയുണ്ടെങ്കില്‍ ആദ്യം പരിഗണനയ്ക്ക് വരേണ്ടത് കേരളത്തിന്റെ നഗരങ്ങളാണ്. യു എന്‍ രൂപീകൃതമായ 1945ല്‍തന്നെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചവരാണ് നമ്മള്‍. എം പി പോള്‍ എസ് പി സി എസ് രജിസ്റ്റര്‍ ചെയ്യുന്നതും അന്നാണ്. നാഷണല്‍ ബുക് സ്റ്റാള്‍ തുറക്കുന്നതും അന്നാണ്. യു എന്നിന്റെ സമാരംഭത്തില്‍ അക്ഷരവുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രസ്ഥാനങ്ങള്‍ ആഘോഷപൂര്‍വ്വം ആരംഭിച്ച ഈ കേരളത്തിന്റെ തലസ്ഥാനത്തിനു തന്നെയാണ് യുനെസ്‌കോയുടെ വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍ പദവി കിട്ടേണ്ടത്. അത് നേടിയെടുക്കുമെന്ന പ്രതിജ്ഞയോടെയാവണം ഈ അക്ഷരോത്സവത്തിന്റെ സമാരംഭം. പുസ്തകോത്സവ തലസ്ഥാനമാകാനുള്ള സര്‍വയോഗ്യതയുമുള്ള തിരുവനന്തപുരം ലോക സാഹിത്യ ഉത്സവ ഭൂപടത്തില്‍ അടയാളപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, തോപ്പില്‍ ഭാസി, മുതല്‍ പ്രൊഫ. എം കെ സാനുവും കവി കടമ്മനിട്ട രാമകൃഷ്ണനും വരെ നിരവധി സാഹിത്യപ്രതിഭകള്‍ നിയമസഭയില്‍ അംഗങ്ങളായിരുന്നിട്ടുണ്ട്. സഭയില്‍ അംഗങ്ങളായിരുന്ന ഇ എം എസ്, അച്യുതമേനോന്‍, പി ഗോവിന്ദപ്പിള്ള തുടങ്ങി ധാരാളം പ്രമുഖര്‍ സാഹിത്യരംഗത്തുകൂടി സംഭാവനകള്‍ ചെയ്തവരാണ്. അതിനാല്‍ നിയമസഭാ പുസ്തകോത്സവത്തിന് പ്രത്യേകമായ ഔചിത്യ ഭംഗിയുണ്ട്. വായന മരിക്കുന്നു എന്നു ലോകത്തിന്റെ പല ഭാഗങ്ങളിലും പലരും പറഞ്ഞുകൊണ്ടിരുന്ന വേളയില്‍ പോലും വായന തളിര്‍ക്കുന്ന അനുഭവം നിലനിന്ന നാടാണിത്. ബീഡി തെറുത്തുകൊണ്ടിരിക്കുമ്പോള്‍ പോലും പുസ്തകങ്ങള്‍ വായിച്ചു കേട്ടിരുന്നവരുടെ പൈതൃകമുണ്ട് നമുക്ക്.കേരളത്തില്‍ ഫിസിക്കല്‍ ബുക്ക് ഷോപ്പുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇ-റീഡിങ് വന്നപ്പോള്‍ പോലും പുസ്തകം കൈയിലെടുത്ത് അതിന്റെ പുതുമയുടെ ഗന്ധം ആസ്വദിച്ചു വായിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ നാടാണിത്. ഇന്ത്യയില്‍ ആദ്യമായി പേപ്പര്‍ ബാക്ക് ബുക്ക് വിപ്ലവം സാധ്യമാക്കിയ നാടാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.