Newsperseconds.com

‘കലയ്ക്ക് മനുഷ്യരെ പരസ്പരം അടുപ്പിക്കാനും സ്‌നേഹിപ്പിക്കാനും സാധിക്കും’; കലോത്സവ സമാപന സമ്മേളനത്തില്‍ വേദിയെ കയ്യിലെടുത്ത് ടൊവിനോയും ആസിഫും

Kalolsavam Final

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കപ്പുയര്‍ത്തിയ തൃശൂരിന് ആശംസകളുമായി നടന്മാരായ ടൊവിനോ തോമസും ആസിഫ് അലിയും. കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ യുവനടന്മാര്‍ എത്തിയതോടെ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ആവേശത്തിലായി. സമാപന സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലൂടെ ഇരുവരും വേദിയെ ഒന്നടങ്കം കയ്യിലെടുക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമേകിയും കലയോടുള്ള താല്‍പ്പര്യങ്ങള്‍ അറിയിച്ചും ടൊവിനോയും ആസിഫും സമാപന സമ്മേളനത്തില്‍ നിറഞ്ഞുനിന്നു. പരാജയപ്പെട്ടവര്‍ നിരാശപ്പെടരുതെന്നും കലയുമായി മുന്നോട്ട് പോയി സ്വപ്‌നങ്ങള്‍ നേടിയെടുക്കണമെന്നും നടന്മാര്‍ പ്രചോദനമേകി.

സിനിമയെന്ന കലയാണ് താന്‍ ഇവിടെ നില്‍ക്കാന്‍ കാരണമെന്നും ഏറെ അഭിമാനത്തോടെയാണ് ഈ വേദിയില്‍ നില്‍ക്കുന്നതെന്നും ആസിഫ് അലി പറഞ്ഞു. കലയിലൂടെ നിങ്ങള്‍ ലോകം മുഴുവന്‍ അറിയപ്പെടണമെന്നും ആസിഫ് പറഞ്ഞു. വിജയികളായ തൃശൂര്‍ ടീമിന് നാളെ ഇറങ്ങുന്ന തന്റെ സിനിമയായ രേഖാചിത്രം സൗജന്യമായി കാണാനാകുമെന്ന സന്തോഷവാര്‍ത്തയും ആസിഫ് അലി വിദ്യാര്‍ത്ഥികളോട് പങ്കുവെച്ചു.

ഈ വര്‍ഷത്തെ കലാമേള ഗംഭീരമായി സംഘടിപ്പിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ടൊവിനോ തോമാസ് പ്രസംഗം തുടങ്ങിയത്. തനിക്ക് പ്രസംഗം പഠിച്ച് വെച്ച് പറയുന്ന ശീലമില്ലെന്നും താന്‍ പറയാന്‍ വിചാരിച്ചതില്‍ മൂന്ന് പോയിന്റ് ആസിഫ് പറഞ്ഞുവെന്നും പറഞ്ഞപ്പോള്‍ വേദിയില്‍ കൂട്ടച്ചിരി പടര്‍ന്നു. കലോത്സവ വേദികളുടെ ഭാഗമാവാന്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ കഴിഞ്ഞിട്ടില്ല. ഒരു ദിവസം അവധി ലഭിക്കും എന്നതിനപ്പുറം കലോത്സവുമായി തനിക്ക് ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് താന്‍ തിരഞ്ഞെടുത്തത് കലയായിരുന്നു എന്നത് തികച്ചും യാദൃശ്ചികമാണെന്നും ടൊവിനോ പറഞ്ഞു. കലയ്ക്ക് മനുഷ്യരെ പരസ്പരം അടുപ്പിക്കാനും സ്‌നേഹിപ്പിക്കാനും സാധിക്കും. അതുകൊണ്ടുതന്നെ കലോത്സവവേദിയിലൂടെ കടന്നുപോകുന്നവര്‍ കലാകാരന്മാരും കലാകാരികളുമായി തുടരണമെന്നും ടൊവിനോ പറഞ്ഞു.

Share this Article

Leave a Comment