കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ പതിനാല് ദിവസത്തേക്ക് റിമാന്‍ഡില്‍. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ചത്. റിമാന്‍ഡ് ചെയ്തുള്ള കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ബോബി ചെമ്മണ്ണൂര്‍ തലകറങ്ങി വീണു.
തനിക്കെതിരെയുള്ള നടിയുടെ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നും പരാതിയുടെ പിന്നില്‍ മറ്റ് ഉദ്ദേശങ്ങളാണെന്നും ബോബി ഉന്നയിച്ചു. എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മാര്‍ക്കറ്റിങ് തന്ത്രം മാത്രമായിരുന്നു. അതിന് പിന്നില്‍ മറ്റ് ദുരുദ്ദേശങ്ങളില്ല. താന്‍ പൊതുവേദിയില്‍ നല്ല രീതിയില്‍ ഉപയോഗിച്ച വാക്കുകള്‍ ഹണി റോസ് തെറ്റിദ്ധരിച്ചതാണെന്നും ബോബി കോടതിയില്‍ വാദിച്ചു. തെളിവായി ആലക്കോട്ടെ പരിപാടിയുടെ ദൃശ്യങ്ങള്‍ നല്‍കാം എന്ന് പ്രതിഭാഗം രണ്ട് തവണ വാദിച്ചപ്പോള്‍ അത് കേസിനെ ബാധിക്കുമെന്നും ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. വീഡിയോ കാണേണ്ടതില്ല എന്ന് മജിസ്‌ട്രേറ്റ് തീരുമാനം എടുക്കുകയായിരുന്നു.
മഹാഭാരതത്തിലെ കുന്തി ദേവിയോടാണ് ഉപമിച്ചത് എന്ന പ്രതിഭാഗത്തിന്റെ പരിഹാസ്യമായ വാദം കോടതി മുഖവിലക്കെടുത്തില്ല. മഹാഭാരതത്തില്‍ കുന്തിദേവിയായി അഭിനയിച്ച നടിയുടെ സാമ്യം ഹണി റോസിന് ഉണ്ടെന്നായിരുന്നു താന്‍ ഉദ്ദേശിച്ചതെന്നും ഹണി റോസിന്റെ വസ്ത്രധാരണ രീതി അത്തരത്തിലായിരുന്നു എന്നും കോടതിയില്‍ പ്രതിഭാഗം വാദിച്ചു.