ലോകത്തിനു മുന്നില്‍ നമുക്ക് തലയെടുപ്പോടെ അവതരിപ്പിക്കാന്‍ കഴിയുന്ന മഹാമേളയാണ് സംസ്ഥാന സ്കൂള്‍ കലോത്സവമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പരാതികള്‍ ഇല്ലാതെ ഭംഗിയായി കലോത്സവം സംഘടിപ്പിച്ചതിനു പൊതു വിദ്യാഭ്യാസ മന്ത്രിയെയും വിദ്യാഭ്യാസ വകുപ്പിനെയും പ്രതിപക്ഷ നേതാവ് അഭിനന്ദനങ്ങളും അറിയിച്ചു.
ബാല്യത്തിലേക്കും കൗമാരത്തിലേക്കും ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകളിലേക്കും കൈപിടിച്ചു കൊണ്ടുപോകുന്നതാണ് കലോത്സവങ്ങള്‍. ഓരോ മത്സരത്തിനും മാര്‍ക്കിടുക എന്നത് ജഡ്ജ്സിന്റെ മുന്നിലെ വലിയ വെല്ലുവിളിയാണ്. അത്രയും മികച്ച രീതിയിലാണ് കുട്ടികള്‍ പരിപാടികള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ കുട്ടികള്‍ നാടിന്റെ സമ്പത്താണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുദിവസം നീണ്ടുനിന്ന കലാമാമാങ്കത്തിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തിരശ്ശീല വീണു. ചലച്ചിത്ര താരങ്ങളായ ആസിഫലി, ടൊവിനോ തോമസ് എന്നിവര്‍ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥികളായി. കലയെ കൈവിടാതെ, ജീവിത കാലം മുഴുവന്‍ കലയാല്‍ ലോകം മുഴുവന്‍ അറിയപ്പെടാന്‍ കഴിയട്ടെ എന്ന് നടന് ആസിഫ് അലി ആശംസിച്ചു. മനുഷ്യനെ തമ്മില്‍ അടുപ്പിക്കുന്ന സര്‍ഗാത്മകമായ കഴിവുകളും സഹൃദയത്വവും കൈവിടാതെ കലാകാരന്മാരും കലാകാരികളുമായി തുടരാന്‍ കഴിയട്ടെയെന്നു നടന് ടൊവിനോ തോമസ് ആശംസിച്ചു.