Newsperseconds.com

വ്യക്തത കുറവുള്ള ഭാഗങ്ങളില്‍ വിശദമായ അന്വേഷണം നടത്തണം; എഡിജിപി എം ആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് മടക്കി വിജിലന്‍സ് ഡയറക്ടര്‍

Untitled 1

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങളില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് മടക്കി അയച്ച് വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത. സമഗ്രമായ അന്വേഷണം നടത്തി കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് ഡയറക്ടര്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് എസ്പിയാണ് അന്വേഷണം നടത്തിയത്. കൂടുതല്‍ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചര്‍ച്ചക്ക് വരാനും നിര്‍ദ്ദേശം നല്‍കി. സാമ്പത്തിക ആരോപണങ്ങള്‍ അടക്കം ഉയര്‍ന്നപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്മേല്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ മടക്കി അയച്ചത്.

എഡിജിപിക്കെതിരെ സ്വര്‍ണ്ണക്കടത്ത് അടക്കം നാല് ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ ചില കാര്യങ്ങളില്‍ വ്യക്തത കുറവുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി. വ്യക്തത കുറവുള്ള ഭാഗങ്ങളില്‍ വിശദമായ അന്വേഷണം നടത്തണമെന്നും വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടു. എം ആര്‍ അജിത് കുമാറിനെതിരെ അന്വേഷണം നടത്തി കഴിഞ്ഞ ദിവസമാണ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളിലാണ് എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. അനധികൃതമായി അജിത് കുമാര്‍ സ്വത്ത് സമ്പാദിച്ചു, കവടിയാറിലെ ആഢംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്‍പ്പനയില്‍ ക്രമക്കേട്, മലപ്പുറം എസ്പി ക്യാംപ് ഓഫീസിലെ മരംമുറിയുമായി ബന്ധപ്പെട്ട വിഷയം തുടങ്ങി നാല് കാര്യങ്ങളിലാണ് അന്വേഷണം നടന്നത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് മലപ്പുറം എസ്പി സുജിത് ദാസ് ഒത്താശ ചെയ്‌തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു പ്രധാന ആരോപണം.

Share this Article

Leave a Comment