ആലപ്പുഴ : ഈ സർക്കാർ വന്നതിനുശേഷം ശുദ്ധജല കണക്ഷനുകൾ ഇരുപത്തിമൂന്ന് ശതമാനത്തിൽ നിന്ന് 54 ശതമാനം ആക്കി ഉയർത്താൻ കഴിഞ്ഞെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരളത്തിൽ ശുദ്ധജല ലഭ്യത കുറഞ്ഞു വരുന്നുണ്ട്. ഭൂഗർഭജലം കുറയുന്നതാണ് കാരണം. എന്നാൽ ആശങ്കയ്ക്ക് കാര്യമില്ലെന്നും ജലജീവൻ മിഷൻ ഉൾപ്പെടെയുള്ള പ്രവർത്തികൾ സംസ്ഥാനം വിജയകരമായി നടപ്പിലാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. മണ്ണഞ്ചേരി പഞ്ചായത്തിലെ പെരുന്തുരുത്തുകരി പാടശേഖരത്തിന്റെ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനംഎലിപ്പനം ചിറയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു ജലവിഭവ വകുപ്പ് മന്ത്രി.
പി പി ചിത്തിരഞ്ജൻ എംഎൽഎയുടെ ആവശ്യപ്രകാരം കരുവേലി പാടശേഖരത്തിന് 50 ലക്ഷം രൂപ അനുവദിക്കുകയാണെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു.
മണ്ണഞ്ചേരി പഞ്ചായത്തിൽ 66.80 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന പെരുംതുരുത്തുകരി പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി ഇറിഗേഷൻ വകുപ്പ് കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി നബാർഡ് ധനസഹായത്തിൽ 625 ലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രവൃത്തിയിൽ പാടശേഖരത്തിൻ്റെ മദ്ധ്യത്തിലൂടെയുള്ള ചാലിന്റെ 1270 മീറ്റർ ചെളി നീക്കൽ, ചാലിൻ്റെ വശത്ത് 1700 മീറ്റർ നീളത്തിൽ ബണ്ട് നിർമ്മാണം, കൂടാതെ കൃഷിയ്ക്ക് ആവശ്യമായ വിത്ത്, വളം, യന്ത്രങ്ങൾ തുടങ്ങിയവ
എത്തിക്കുന്നതിന് ചാലിന്റെ മറുവശത്തുകൂടി 1700 മീറ്റർ നീളത്തിൽ റോഡ്, ചാലിൻ്റെ വശങ്ങളുടെ സംരക്ഷണത്തിനായി 1650 മീറ്റർ നീളത്തിൽ ഇരുവശങ്ങളിലുമായി കൽക്കെട്ട് ഉപയോഗിച്ചുള്ള സംരക്ഷണ ഭിത്തിയും ചാലിന്റെ ആരംഭത്തിൽ 25 മീറ്റർ നീളത്തിൽ ഇരുവശങ്ങളിലുമായി കോൺക്രീറ്റ് ഉപയോഗിച്ചുള്ള സംരക്ഷണ ഭിത്തിയും ഉൾപ്പെടുത്തിയിരിക്കുന്നു.
18 മാസമാണ് പ്രവർത്തിക്കുള്ള കാലാവധി.
ചടങ്ങിൽ പി.പി.ചിത്തരഞ്ജൻ എം. എൽ. എ അധ്യക്ഷത വഹിച്ചു. മണ്ണഞ്ചേരിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് 49 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കെ.ജി. രാജേശ്വരി,
ജില്ലാ പഞ്ചായത്ത് അംഗം
അഡ്വ. ആർ. റിയാസ്, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ടി. വി. അജിത് കുമാർ , പഞ്ചായത്ത് വൈസ് പ്രസിഡൻറ്
പി.എ. ജുമൈലത്ത്, വാർഡ് അംഗങ്ങളായ എം.വി. സുനിൽകുമാർ, കെ. എസ്. ഹരിദാസ് , കുട്ടനാട് പാക്കേജ് ചീഫ് എൻജിനീയർ സി കെ ശ്രീകല, രാഷ്ട്രീയ യക്ഷി പ്രതിനിധികളായ ബി.അൻസൽ,
എം. അലിയാർ , പി. സമീറ ,
റെനി ഫ്രാൻസിസ്, പാടശേഖരസമിതി ഭാരവാഹികളായ പി. വി. ചിദംബരൻ, എം.
വി. സുദേവൻ, സൂപ്രണ്ടിംഗ് എൻജിനീയർ കെ.രാജേഷ് എന്നിവർ പ്രസംഗിച്ചു.