കൊച്ചി: പാറശാല സ്വദേശി ഷാരോൺ രാജ് വധക്കേസിൽ പ്രതിയായ ഗ്രീഷ്മ നെയ്യാറ്റിന്കര അഡീഷണൽ സെഷൻസ് കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നല്കി. വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും.
2024 ജനുവരി 20-ന് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. 2022 ഒക്ടോബർ 14-ന് ഷാരോൺ രാജിനെ വീട്ടിൽ വിളിച്ച് കീടനാശിനി കലർത്തിയ കഷായം നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. മൂന്നാം പ്രതിയായ നിർമലകുമാരൻ നായർക്ക് 3 വർഷം തടവുശിക്ഷ ലഭിച്ചപ്പോൾ, ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ തെളിവില്ലെന്നു കാണിച്ച് വെറുതെവിട്ടു.
2021-ലാണ് ഷാരോൺ ഗ്രീഷ്മയുമായി സൗഹൃദത്തിലാകുന്നത്. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ വിശ്വസിച്ചെങ്കിലും, വിശ്വാസവഞ്ചനയാണ് ഗ്രീഷ്മ നടത്തിയതെന്ന് കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ ഗ്രീഷ്മ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണ്.