കൊച്ചി: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ആലുവകേസില്‍ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിനുള്ള ശിക്ഷ വിധി ഇന്ന്. അഞ്ചു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ വിധിക്ക് വേണ്ടി കേരളം ഒന്നടങ്കം കാത്തിരിക്കുകയാണ്.
13 വകുപ്പുകളിലാണ് എറണാകുളം പോക്‌സോ കോടതി അസ്ഫാക് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെ പതിനൊന്നിന് എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറയുക. കേസിന്റെ വിധി ശിശുദിനത്തിലും പോക്‌സോ നിയമങ്ങള്‍ രാജ്യത്ത് നിലവില്‍ വന്ന ദിവസവുമാണ് പ്രഖ്യാപനമെന്ന പ്രത്യേകത കൂടി ഈ കേസിനുണ്ട്.
കഴിഞ്ഞ ജൂലൈ 28 നാണ് അതിഥി തൊഴിലാളിയുടെ അഞ്ചു വയസ്സായ മകളെ തട്ടിക്കൊണ്ടു പോയി ആലുവ മാര്‍ക്കറ്റിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് അസ്ഫാക്ക് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പ്രതിയായ അസ്ഫാക് ആലത്തിന് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുത്തിരുന്നു. എന്നാല്‍, പ്രതിക്ക് 28 വയസ്സാണ് പ്രായമെന്നും മാനസാന്തരത്തിനുള്ള സാധ്യത കണക്കിലെടുത്തും കുറഞ്ഞ ശിക്ഷ നല്‍കണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം വന്നിരുന്നു. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്.