ന്യൂഡല്‍ഹി: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുടെ അവകാശ പ്രശ്നം ലോക്‌സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എംപിമാര്‍. കെ.സി. വേണുഗോപാല്‍, ശശി തരൂര്‍, വി.കെ. ശ്രീകണ്ഠന്‍ എന്നിവരാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. കഴിഞ്ഞ 30 ദിവസമായി പ്രതിഫല വ്യവസ്ഥയുമായി ബന്ധപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍ സമരം തുടരുകയാണ്.
കെ.സി. വേണുഗോപാല്‍ ആശാ വര്‍ക്കര്‍മാര്‍ രാജ്യത്തെ ആരോഗ്യരംഗത്തെ പോരാളികളാണെന്നും, അവര്‍ക്ക് കൃത്യമായ പ്രതിഫലവും തൊഴില്‍ സുരക്ഷയും നല്‍കണം എന്നും ആവശ്യപ്പെട്ടു. ദിവസവേതനം വെറും 232 രൂപ മാത്രമാണ്, അത് പോലും നേരത്തെ ലഭ്യമാകുന്നില്ല. അവരുടെ പ്രശ്നത്തില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും പരസ്പരം കുറ്റപ്പെടുത്തുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ആശാ വര്‍ക്കര്‍മാരെ അപമാനിക്കുന്നു, ഇതിനെതിരെ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ശമ്പളവര്‍ധനയും കുടിശ്ശിക തുക വിതരണവും ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുയര്‍ത്തി ആശാ വര്‍ക്കര്‍മാര്‍ സമരം തുടരുന്നുണ്ട്. ഓണറേറിയം വര്‍ധിപ്പിച്ച്, ശമ്പളം 21,000 രൂപയാക്കി നിശ്ചയിക്കണമെന്ന് ശശി തരൂര്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. തങ്ങളുടെ മണ്ഡലത്തിലുള്‍പ്പെടുന്ന സെക്രട്ടേറിയറ്റിന് മുന്നിലാണ് ആശാ വര്‍ക്കര്‍മാര്‍ സമരം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളത്തിലാണ് വി.കെ. ശ്രീകണ്ഠന്‍ ലോക്‌സഭയില്‍ ആശാ വര്‍ക്കര്‍മാരുടെ പ്രശ്നം ഉന്നയിച്ചത്. വിരമിച്ചാലും ഒരു ആനുകൂല്യവുമില്ല എന്നത് വലിയ പ്രശ്നമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് വ്യത്യസ്ത പ്രതിഫലവ്യവസ്ഥയാണ്. തെലങ്കാന, കര്‍ണാടക, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങള്‍ മികച്ച ശമ്പളം നല്‍കുമ്പോള്‍ കേരളത്തിന് എന്തുകൊണ്ടാണ് തടസ്സം? എന്ന് അദ്ദേഹം ചോദിച്ചു.
രാജ്യസഭയില്‍ വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ രേഖാ ശര്‍മ്മ ആശാ വര്‍ക്കര്‍മാരുടെ അവകാശ പ്രശ്നം ഉന്നയിച്ചു. ഗ്രാമീണ ആരോഗ്യ മേഖലയിലെ നട്ടെല്ലായ ആശാ വര്‍ക്കര്‍മാരെ ദുരിതത്തിലേക്ക് തള്ളിവിടരുത്. കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും, കൃത്യമായ ശമ്പളവും തൊഴില്‍ സുരക്ഷയും നല്‍കണമെന്നുമാണ് രേഖാ ശര്‍മ്മയുടെ ആവശ്യം.