കൊച്ചി: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ ഇഡി കസ്റ്റഡിയിലെടുത്ത മുഴുവന്‍ രേഖകളും വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തൃശ്ശൂര്‍ യൂണിറ്റ് നല്കിയ ഹര്‍ജി കൊച്ചിയിലെ പിഎംഎല്‍എ കോടതി ഇന്ന് പരിഗണിക്കും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്ത രേഖകള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കൊച്ചിയിലെ പിഎംഎല്‍എ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. സംസ്ഥാന പോലീസിന്റെ ആവശ്യം അന്വേഷണ ഏജന്‍സി നേരത്തെ തള്ളിയിരുന്നു.
തങ്ങള്‍ പിടിച്ചെടുത്ത രേഖകള്‍ക്കായുള്ള ക്രൈംബ്രാഞ്ചിന്റെ ആവശ്യം അപക്വമാണെന്നും കേസിന്റെ അന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങുമ്പോള്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്നും ഇഡി ഉദ്യോഗസ്ഥന് പറഞ്ഞു. ഇഡി റെയ്ഡ് ചെയ്ത് പിടികൂടിയ ഫയലുകള്‍ കസ്റ്റഡിയിലെടുത്ത് മഹസറിന്റെ ഭാഗമാക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. എന്നാല്‍ ഇത് നല്കാന് കഴിയില്ലെന്നാണ് ഇഡി നിലപാട്.
ഇഡി അന്വേഷണത്തെ അട്ടിമറിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കമെന്നും ഇഡി ആരോപിച്ചു.
നവംബര്‍ 25ന് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് ഇഡി അടുത്തിടെ നോട്ടീസ് നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിലാണെങ്കില്‍ സഹായം ചെയ്യാന്‍ ഒരുക്കമാണെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.