ആലുവ കൊലപാതകക്കേസില്‍ പ്രതി അസ്ഫാക്ക് ആലത്തിന് വധശിക്ഷ വിധിച്ചതോടെ കേരളത്തില്‍ വീണ്ടും വധശിക്ഷയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകളിലാണ് ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ വധശിക്ഷ വിധിക്കുന്നത്. ഇങ്ങനെ കേരളത്തില്‍ മാത്രം ഇതുവരെ 26 പേരെ തൂക്കിലേറ്റിയെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിവരം. ഇതെല്ലാം നടപ്പാക്കിയതു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലുമാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും തന്നെ സര്‍ക്കാരിന്റെ കൈവശമില്ല.
ആലുവകേസില്‍ വധശിക്ഷ കോടതി വിധിച്ചെങ്കിലും ഇത് നടപ്പിലാകുമോ എന്ന ചര്‍ച്ചകളിലാണ് ഇപ്പോള്‍. ഇത്തരത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് നിരവധി കേസുകള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. പ്രതിയുടെ അവസാന അപ്പീലിനുള്ള സാധ്യതയും തള്ളപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ ശിക്ഷ നടപ്പിലാക്കാനുള്ള പ്രക്രിയക്ക് തുടക്കമാകും. ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കപ്പെടുന്നതോടെയാണ് അതിനു ഔപചാരികമായ തുടക്കമാവുന്നത്.
കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷയും പല തവണയായി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കോടതി വിധിയില്‍ നെഞ്ച് പൊട്ടി കരഞ്ഞ അമ്മയെ കേരളജനത ഇതു വരെ മറന്നിട്ടില്ല. 1988ല്‍ നടന്ന വാകിരി ബാലകൃഷ്ണന്റെ തൂക്കിക്കൊല ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അവസാനത്തെ തൂക്കികൊല നടന്നത് 1979ലാണ്.
നിരപരാധികളായവര്‍ക്ക് നിരപരാധിത്വം തെളിയിക്കാന്‍ അവസരങ്ങള്‍ എന്ന നിലയില്‍ വിചാരണക്കോടതി വധശിക്ഷ പുറപ്പെടുവിച്ചാല്‍ പിന്നെയും പല തലങ്ങളിലായി അപ്പീലിന് പോകാനുള്ള വ്യവസ്ഥകള്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ലഭ്യമാണ്. ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ ഒരു കുറ്റവാളിക്ക് വധശിക്ഷ വിധിക്കുന്നത് നീതിപീഠത്തിന് മുന്നിലെത്തിയ കുറ്റവാളി ചെയ്തിരിക്കുന്ന കുറ്റം അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് എന്ന് തോന്നുന്ന സാഹചര്യത്തില്‍ മാത്രമാണ്. അതു കൊണ്ട് തന്നെ ഈ വകുപ്പുകള്‍ പലപ്പോഴും അനിശ്ചിതകാലത്തേക്ക് വധശിക്ഷ നടപ്പിലാക്കാതെ പോകാറുണ്ട്.
1958ലാണ് കേരളത്തില്‍ ആദ്യ വധശിക്ഷ നടപ്പാക്കുന്നത്. 1991 ല്‍ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയതാണ് സംസ്ഥാനത്ത് അവസാനമായി നടപ്പാക്കിയ വധശിക്ഷ. 31 വര്‍ഷത്തിലധികമായി കേരളത്തില്‍ പിന്നീട് വധശിക്ഷ നടപ്പാക്കിയിട്ടില്ല. ലണ്ടനില്‍ നിരവധി പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ‘ജാക്ക് ദ റിപ്പര്‍’ എന്ന അജ്ഞാത കൊലയാളിയുടെ രീതിയോട് സാമ്യമുള്ളതിനാലാണ് ചന്ദ്രന് റിപ്പര്‍ എന്ന അപരനാമം കിട്ടിയത്. ഹൈവേകളോടും റയില്‍വെ പാതയോടും ചേര്‍ന്നുള്ള അടച്ചുറപ്പില്ലാത്ത വീടുകളാണ് ചന്ദ്രന്‍ ആക്രമണത്തിന് തിരഞ്ഞെടുത്തിരുന്നത്. ചുറ്റിക കൊണ്ട് തലയില്‍ ശക്തമായി അടിച്ചുവീഴ്ത്തിയതിനു ശേഷം കവര്‍ച്ചയും ബലാത്സംഘവും ചെയ്യുക എന്നതായിരുന്നു ചന്ദ്രന്റെ ആക്രമണരീതി. 1985 സെപ്റ്റംബര്‍ 10ന് ചെമ്മനാട് കൈന്താറിലെ രമണിയുടെ വീട്ടിലാണ് ചന്ദ്രന്‍ റിപ്പര്‍ മോഡല്‍ ആക്രമണത്തിന് തുടക്കം കുറിച്ചത്. രമണിയെ തലയ്ക്കടിച്ചു വീഴ്ത്തി പണവും ആഭരങ്ങളും കവര്‍ന്നു.
റിപ്പര്‍ ചന്ദ്രന്‍ ഉത്തര കേരളത്തെയും തെക്കന്‍ കര്‍ണാടാകത്തെയും വല്ലാതെ ഭീതിയിലാഴ്ത്തിയിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ ഇരുള്‍മൂടികഴിഞ്ഞാല്‍ കയ്യില്‍ മരണത്തിന്റെ ചുറ്റിയക്കുമേന്തിവരുന്ന കാലദൂതനെ പേടിച്ചാണ് ഈ പ്രദേശങ്ങളാകെ കഴിഞ്ഞിരുന്നത്. പട്രോളിംഗിന് പോകുന്ന പോലീസുദ്യോഗസ്ഥര്‍ തങ്ങളുടെ കുടുംബത്തെ ഒപ്പം കൂട്ടുകയോ ബന്ധുവീടുകളിലേക്ക് മാറ്റുകയോ ചെയ്തിരുന്നു എന്ന് അറിയുമ്പോള്‍ ചന്ദ്രന്‍ വിതച്ച ഭീതിയുടെ ആഴം എത്താമാത്രമായിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്.
കണ്ണൂരിലും തിരുവനന്തപുരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലുമാണ് തൂക്കിക്കൊല നടപ്പിലാക്കാനുള്ള സൗകര്യങ്ങളുള്ളത്. കണ്ണൂരില്‍ കേരളത്തിലെ അവസാനത്തെ കഴുവേറ്റം നടത്തപ്പെട്ടത് 28 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു എങ്കില്‍, പൂജപ്പുര ജയിലില്‍ ഒരു തൂക്ക് നടന്നത് 41 വര്‍ഷം മുമ്പാണ്. അക്കൊല്ലമാണ് അഴകേശന്‍ എന്ന വധശിക്ഷക്ക് വിധിക്കപ്പെട്ട ദുര്‍മന്ത്രവാദിയെ പൂജപ്പുരയിലെ കഴുമരത്തില്‍ തൂക്കിലിട്ടത്. നിരവധി പിഞ്ചുകുഞ്ഞുങ്ങളെ കൊന്നകുറ്റത്തിനാണ് അന്ന് അഴകേശനെ തൂക്കിക്കൊന്നത്. അതിനുശേഷം, പൂജപ്പുരജയിലില്‍ ഇന്നുവരെ ആരെയും തൂക്കിലേറ്റിയിട്ടില്ല.
പിന്നീട് പല കേസുകളിലായി പലരെയും വധശിക്ഷ്‌ക്ക് വിധിച്ചിട്ടുണ്ടെങ്കിലും അവരൊന്നും തന്നെ കഴുമരത്തിലേക്ക് എത്തിയിട്ടില്ല എന്നതാണ് സത്യം. ഇപ്പോള്‍ കേരളത്തിലെ ജയിലുകളില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്നത് 16 പേര്‍ ആണ്. 9 പേര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലും മറ്റ് ഏഴു പേര്‍ വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുമാണ്. എറണാകുളത്തു നിയമ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ അസം സ്വദേശി അമീറുല്‍ ഇസ്ലാമും ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ നിനോ മാത്യുവും ഇക്കൂട്ടത്തിലുണ്ട്. ഫോര്‍ട്ട് സ്റ്റേഷനിലെ ഉരുട്ടിക്കൊലക്കേസ് പ്രതി എഎസ്‌ഐ. ജിതകുമാര്‍, കോളിയൂര്‍ സ്വദേശിയായ ഗൃഹനാഥനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ബിനു എന്ന അനില്‍ കുമാര്‍, അമ്മയുടെ കണ്‍മുന്നില്‍ 2 പിഞ്ചുകുട്ടികളെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയും കുട്ടികളുടെ പിതൃസഹോദരനുമായ ഷിബു എന്ന തോമസ് ചാക്കോ തുടങ്ങി ഒരു നീണ്ട നിര തന്നെ കഴുമരത്തിലേക്ക് പോവാന്‍ വിധിക്കപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്.
പല കാരണങ്ങളാല്‍ നടപ്പിലാക്കാതെ പോകുകയാണ് കേരളത്തിലെ വധശിക്ഷകള്‍. പ്രതികള്‍ സമര്‍പ്പിക്കുന്ന അപ്പീലുകളും ദയാഹര്‍ജികളും തൂക്കിലേറ്റുന്നതിനുള്ള സമയം വൈകിപ്പിക്കും. അത് കൊണ്ട് തന്നെ കേരളത്തിലെ വധശിക്ഷകള്‍ നടപ്പിലാക്കാതെ ഇപ്പോഴും തുടരുകയാണ്.