നിരപരാധിയായ ദളിത് യുവതിയെ തടങ്കലിൽ പാർപ്പിച്ച് മാനസികമായി പീഡിപ്പിച്ച് മോഷ്ടാവ് എന്ന് മുദ്രകുത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് ആർ.പി.ഐ ദേശീയ സെക്രട്ടറി ജനറൽ ഡോ: രാജീവ് മേനോൻ.
കഴിഞ്ഞമാസം 23ന് പേരൂർക്കട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ജല പാനം പോലും നൽകാതെ മാനസികമായി പീഡിപ്പിക്കുകയും വിവസ്ത്രയാക്കി ദേഹ പരിശോധന നടത്തുകയും ചെയ്ത സംഭവം പരിഷ്കൃത നവ കേരളത്തിന്റെ വികൃത മുഖത്തെയാണ് കാട്ടുന്നത്. വോട്ട് തട്ടാൻ വേണ്ടി പട്ടികജാതി സംഗമം സംഘടിപ്പിക്കുകയും തന്റെ ഭരണകാലത്ത് നടന്ന പട്ടികജാതി ക്ഷേമ പ്രവർത്തനങ്ങളെ ക്കുറിച്ച് ഘോര ഘോരം പ്രസംഗിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ വകുപ്പിലാണ് നരാധമന്മാരായ കാട്ടാളൻ അഴിഞ്ഞാടിയത്. സെക്രട്ടറിയേറ്റിൽ തന്റെ മുറിയിൽ നീതി തേടിയെത്തിയ ഒരു ദളിത് സ്ത്രീയുടെ കണ്ണീർ കാണാനുള്ള മനുഷ്യത്വം ഉണ്ടായില്ല എന്ന യാഥാർത്ഥ്യം അദ്ദേഹം മന:പൂർവ്വം മറച്ചുവെച്ചു. മുഖ്യമന്ത്രിക്ക് പട്ടികജാതി ക്ഷേമവും സ്ത്രീ സുരക്ഷയും വീമ്പിളക്കി പ്രസംഗിക്കാൻ മാത്രമുള്ള പ്രചാരണ വിഷയങ്ങൾ ആണെന്ന് അടിക്കടി കേരളത്തിൽ ഉണ്ടാകുന്ന സംഭവങ്ങൾ തെളിയിക്കുന്നു.
ആർ ബിന്ദുവിനെ കസ്റ്റഡിയിലെടുത്തത്അന്വേഷണം നടത്തുകയോ മോഷണം നടന്നുവെന്ന് ഉറപ്പിക്കുകയോ ചെയ്യാതെയാണ്. സ്ത്രീകളെ രാത്രിയിൽ സ്റ്റേഷനിൽ പാർപ്പിക്കരുതെന്ന നിയമവും പൊലീസ് ലംഘിച്ചു. കസ്റ്റഡി വിവരം ബന്ധുക്കളെ അറിയിക്കാനുള്ള സാമാന്യ മര്യാദ പോലും കാണിച്ചില്ല. കാണാതായ 18 ഗ്രാം സ്വർണമാല അതേ വീട്ടിൽ നിന്നും കണ്ടെത്തിയെങ്കിലും സ്ത്രീ കുറ്റം സമ്മതിച്ചെന്ന് രേഖപ്പെടുത്തിയ എഫ്ഐആർ റദ്ദ് ചെയ്യാത്തത് പൊലീസ് സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുന്നത് കൊണ്ടാണ്. കുറ്റം ചെയ്ത പൊലീസുകാർക്കെതിരെ കേസ് ഫയൽ ചെയ്ത് പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്നും ഡോ രാജീവ് മേനോൻ ആവശ്യപ്പെട്ടു.