ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദലിതർ ഇന്നും കൊടും ക്രൂരതകൾ നേരിടുന്നതിന്റെ ഞെട്ടിക്കുന്ന തെളിവാണ് പോലീസ് വേട്ടയ്ക്ക് ഇരയായ ബിന്ദു. മലയാളക്കരയിൽ ഇന്നും പട്ടികജാതി സമൂഹങ്ങൾ കടുത്ത അവഗണനയും അനീതിയും പാർശ്വവൽക്കരണവുമാണ് നേരിടുന്നത്. ദലിത് യുവതിയായ ബിന്ദുവിനെ ദ്രോഹിച്ച പോലീസ് മേലാളന്മാർക്കെതിരെ എസ്‌സി/എസ്‌ടി നിയമപ്രകാരം കേസെടുക്കണം എന്ന് കേരളം അഖില ഭാരത ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ഭദ്രാനന്ദ്.
നീതി തേടി ബിന്ദു മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയെങ്കിലും അവിടെ നിന്നുള്ള പ്രതികരണം ബിന്ദുവിനെ ആത്മഹത്യയിലേക്ക് തള്ളിയിടാൻ പ്രേരിപ്പിക്കുന്നവയായിരുന്നു അതുകൊണ്ട് തന്നെ ബിന്ദുവിന്റെ വിഷയത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു ജി ഇടപെടണം.
കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ ദളിത് സ്നേഹം വാരിവിതറി ഘോര ഘോരം പ്രസംഗിക്കുന്നതല്ലാതെ ദുരന്തം പേറുന്ന ദളിതരെ സഹായിക്കാൻ ആരും ആത്മാർത്ഥമായി മുന്നോട്ട് വരുന്നില്ല. ദളിത് വിഭാഗങ്ങളുടെ ക്ഷേമത്തിനും സുരക്ഷക്കും വേണ്ടി പ്രവർത്തിക്കാൻ സർക്കാരിന് താല്പര്യമില്ല. ദളിതരെ വെറും വോട്ട് ബാങ്കായി മാത്രം കാണുകയും, പോലീസിനെ ഉപയോഗിച്ച് ദളിതർക്കെതിരെ അതിക്രമങ്ങൾ നടത്തുകയും, ദളിതരുടെ വികസനത്തിനുള്ള ഫണ്ട് കൊള്ളയടിക്കുകയും മാത്രമാണ് രാഷ്ട്രീയ കക്ഷികൾ കാലങ്ങളായി കേരളത്തിൽ ചെയ്തുവരുന്നത്.
ഇനി ദളിതർക്ക് വേണ്ടി പോരാടാൻ കേരളത്തിൽ ആരുമില്ലെന്ന് ദളിത് ദ്രോഹികൾ കരുതരുത്. ദളിതൻ എന്നാൽ ഹരിജൻ ആണ്. ഹരി എന്ന മഹാവിഷ്ണുവിന്റെ ജനമാണ് ഹരിജൻ എന്ന കാര്യം ആരും മറക്കരുത്. ഈ രാജ്യം തന്നെ ദളിതരുടേതാണ്, ദളിതർക്ക് ലഭിക്കാത്ത ആനുകൂല്യങ്ങളും ആദരവും മറ്റാർക്കും വേണ്ട. നമ്മുടെ സഹോദരിയായ ദളിത് യുവതിയെ വിവസ്ത്രയാക്കി ചോദ്യം ചെയ്ത് അപമാനിക്കുകയും, മൂത്രം കുടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത പോലീസിൽ നിന്നും പിരിച്ചു വിട്ടുകൊണ്ട് അവർക്ക് നിയമപരമായ ശിക്ഷ നൽകണം. പോലീസ് വകുപ്പിന് പോലും അപമാനമായി മാറിയ ഉദ്യോഗസ്ഥർക്ക് പെൻഷൻ വാങ്ങാൻ പോലും അവസരം നൽകരുത്. ദളിതയായ ബിന്ദുവിനെ അപമാനിച്ച് കള്ളക്കേസ് സൃഷ്ടിക്കാൻ ശ്രമിച്ച പോലീസുകാർക്ക് മാത്രമല്ല, ദളിത് പീഡനത്തിന് ഹേതുവായ വീട്ടുകാർക്കും ഈ പീഡനത്തിൽ ഉത്തരവാദിത്വമുണ്ട്. ബിന്ദുവിനെ അകാരണമായി ഉപദ്രവിച്ചവർ അനുഭവിക്കുകതന്നെ ചെയ്യും.
ഈ വിഷയത്തിൽ നിയമപരമായി ആരേയും രക്ഷപെടാൻ അഖിൽ ഭാരത് ഹിന്ദു മഹാസഭ അനുവദിക്കില്ല. പോലീസിന്റെ ബ്രിട്ടീഷ് മോഡൽ സവർണ്ണ കടത്തത്തിനെതിരെ ഹിന്ദുക്കൾ ഒറ്റക്കെട്ടായി തന്നെ രംഗത്തുണ്ടാകും. കേരളത്തിൽ ഒരു മാറ്റത്തിനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു. ബിന്ദു ഉൾപ്പടെയുള്ള ദളിതർ നേരിടുന്ന അനീതികൾക്ക് അറുതി ഉണ്ടാവണം. കേരളത്തിലെ ഓരോ ദലിതർക്കും സംരക്ഷണം നൽകുന്ന ഉത്തരവാദിത്വം എ.ബി.എച്ച്.എം ഏറ്റെടുക്കുകയാണ്.