Newsperseconds.com

മള്‍ട്ടിപ്ലക്‌സുകളില്‍ സിനിമ ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ സംവിധാനം വേണം: സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

Film Strike

കൊച്ചി: സംസ്ഥാനത്ത് മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളില്‍ അനിയന്ത്രിതമായി സിനിമ ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തുന്നത് തടയുന്നതിനായി നിയമപരമായ സംവിധാനം വേണമെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു.

കോട്ടയം തിരുവാര്‍പ്പ് സ്വദേശിയായ ജി. മനു നായര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച് സര്‍ക്കാരിനും രാജ്യത്തെ പ്രമുഖ തിയറ്റര്‍ ശൃംഖലകള്‍ക്കുമെതിരെ നോട്ടീസ് അയച്ചത്. കേസ് ജൂലൈ ഒന്നിന് പരിഗണിക്കും.

മള്‍ട്ടിപ്ലക്‌സുകള്‍ തോന്നിയപോലെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നിരക്ക് നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങളോ നിയമപരമായ മേല്‍നോട്ടവുമില്ലാത്ത സാഹചര്യത്തിലാണ് വിലവര്‍ധനയെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

രാജ്യത്തെ പ്രമുഖ തിയറ്റര്‍ ശൃംഖലകളായ പിവിആര്‍, സിനിപോളിസ്, കാര്‍ണിവല്‍ സിനിമ, ഐനോക്‌സ് തുടങ്ങിയവയാണ് ഹര്‍ജിയില്‍ എതിര്‍ കക്ഷികളായി ഉള്‍പ്പെടുന്നത്.

1958ലെ കേരള സിനിമാസ് (നിയന്ത്രണ) നിയമം അനുസരിച്ച് അനുമതിയില്ലാതെ നിരക്ക് വര്‍ധിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും, അയല്‍ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പ്രത്യേക സംവിധാനങ്ങളുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

സിനിമയെ ജനസാംസ്‌കാരികപ്രവര്‍ത്തനമായി കണക്കാക്കുന്ന സംസ്ഥാനങ്ങളില്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇത്തരത്തില്‍ ഒരു നിയന്ത്രണ സംവിധാനം നിലവിലില്ലെന്നത് ഗുരുതരമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

Share this Article

Leave a Comment