കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ഹാജരാവാന്‍ നടക്കാവ് പോലീസ് സ്‌റ്റേഷനിലെത്തിയ സുരേഷ് ഗോപിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി പ്രവര്‍ത്തകരുടെ പദയാത്ര. രാവിലെ ഇംഗ്ലീഷ് പള്ളി പരിസരത്ത് നിന്ന് തുടങ്ങിയ പദയാത്ര കോഴിക്കോട് നടക്കാവ് പോലീസ് സ്‌റ്റേഷനു മുന്നിലാണ് അവസാനിച്ചത്. ബി ജെ പി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് പദയാത്ര നടന്നത്. ഇതേത്തുടന്ന് കനത്ത സുരക്ഷയാണ് സ്റ്റേഷന്‍ പരിസരത്ത് ഏര്‍പ്പെടുത്തിയത്.
പ്രകടനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, എം. ടി. രമേഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കള്‍ സുരേഷ് ഗോപിയെ അനുഗമിച്ചു. നിരവധി വനിതാ പ്രവര്‍ത്തകരും സുരേഷ് ഗോപിക്ക് പിന്തുണയുമായി പദയാത്രയില്‍ അണി നിരന്നു.
ഒക്ടോബര്‍ 27നാണ് കോഴിക്കോട് വെച്ച് മാധ്യമപ്രവര്‍ത്തകയോട് സുരേഷ്‌ഗോപി അപമര്യാദയായി പെരുമാറിയെന്ന പരാതി നടക്കാവ് പൊലീസിന് ലഭിക്കുന്നത്. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് സംഭവം നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചോദിക്കുന്നതിനിടെ സുരേഷ് ഗോപി അനുവാദമില്ലാതെ മാധ്യമപ്രവര്‍ത്തകയുടെ ദേഹത്ത് കൈവെക്കുകയായിരുന്നു. പിന്നീട് കൈവെക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലും പ്രചരിച്ചതോടെ വിവാദം ആളിക്കത്തി. സംഭവത്തില്‍ സുരേഷ് ഗോപിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവര്‍ത്തക പരാതിയില്‍ നല്‍കിയിരിക്കുന്നത്.