തിരുവനന്തപുരം: ലോണ്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ലോണ്‍ ആപ്പുകള്‍ ഉള്‍പ്പടെ 172 ആപ്പുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി. പെട്ടെന്ന് തന്നെ അക്കൗണ്ടുകളിലേക്ക് പൈസ ലഭിക്കുന്നതിനാല്‍ യുവതീ യുവാക്കളടക്കം ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകളെ ആശ്രയിക്കുകയാണ്. എന്നാല്‍ പൈസ തിരിച്ചടക്കേണ്ട അവസാന തിയ്യതി കഴിഞ്ഞാല്‍ ബന്ധുക്കളേയും വേണ്ടപ്പെട്ട ആളുകളേയും വിളിച്ച് അസഭ്യം പറയുകയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തുയും ചെയ്യുകയാണ് പതിവ്.
സൈബര്‍ പൊലിസ് ഡിവിഷന്റെ ശുപാര്‍ശ പ്രകാരമാണ് സംസ്ഥാന ഐടി വകുപ്പ് കേന്ദ്രത്തെ സമീപിച്ചത്. ലോണ്‍ ആപ്പുകള്‍ക്ക് വിലങ്ങ് ഇടാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തേ തന്നെ ആലോചിക്കുന്നുണ്ട്. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ദില്ലിയില്‍ ഉന്നതലയോഗം മുന്‍പ് ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തിരുന്നു.