കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടക്കാവ് പൊലീസ് സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നത് അത്യാധുനിക ചോദ്യം ചെയ്യല്‍ മുറിയില്‍. പൂര്‍ണ്ണമായും ശീതീകരിച്ച ഈ മുറിയില്‍ പ്രതിയുടെ നേരിയ ചലനങ്ങള്‍ വരെ പകര്‍ത്തിയെടുക്കുന്ന അത്യാധുനിക ഉപകരണങ്ങളുണ്ട്. ഈ മുറിയില്‍ റിക്കോഡിങ് ക്യാമറ, 180 ഡിഗ്രി ദൃശ്യപരതയുള്ള നാല് ദിശാ ക്യാമറ, അനുബന്ധ ശബ്ദ ഉപകരണങ്ങള്‍ എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്.
വിവാദമായ കേസുകളിലാണ് പോലീസ് പ്രതികളെ ചോദ്യം ചെയ്യുന്നതിന് സജ്ജീകരിച്ച മുറി ഉപയോഗിക്കുക. സുരേഷ് ഗോപിയും സീനിയര്‍ പോലീസ് ഓഫീസറും സഹായിയും മാത്രമാണ് മുറിക്കുള്ളിലുള്ളത്. ജില്ലാ പൊലീസ് മേധാവിയായ കമ്മിഷണറുടെ പരിധില്‍ നടക്കാവ് സ്റ്റേഷനില്‍ മാത്രമാണ് ഈ സംവിധാനം നിലവിലുള്ളത്.
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ഹാജരാവാനാണ് ഇന്ന് രാവിലെ സുരേഷ്‌ഗോപി നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. പോലീസ് സ്‌റ്റേഷനിലെത്തിയ സുരേഷ് ഗോപിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി പ്രവര്‍ത്തകരുടെ പദയാത്ര നടന്നു. രാവിലെ ഇംഗ്ലീഷ് പള്ളി പരിസരത്ത് നിന്ന് തുടങ്ങിയ പദയാത്ര കോഴിക്കോട് നടക്കാവ് പോലീസ് സ്‌റ്റേഷനു മുന്നിലാണ് അവസാനിച്ചത്. ബി ജെ പി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് പദയാത്ര നടന്നത്.