Newsperseconds.com

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Untitled Design (35)

കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ, തുടക്കത്തിൽ വടക്ക് പടിഞ്ഞാറു ദിശയിലും തുടർന്ന് വടക്ക്, ദിശയിലും സഞ്ചരിച്ച്‌ നാളെ രാവിലെയോടെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം അതി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. തുടർന്ന് വടക്ക്, വടക്ക് കിഴക്ക് ദിശ മാറി നവംബർ 17 ഓടെ ഒഡിഷ തീരത്തിനു സമീപവും, നവംബർ 18 ഓടെ വടക്കൻ ഒഡിഷ – പശ്ചിമ ബംഗാൾ സമീപത്തു കൂടിയും ന്യൂനമർദ്ദം സഞ്ചരിക്കാൻ സാധ്യതയുണ്ട്. ഇന്ന് മുതൽ 18 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കൻ ശ്രീലങ്കയ്ക്ക് മുകളിൽ മറ്റൊരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തെക്കൻ തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ജാഗ്രതാ മുന്നറിയിപ്പിൽ പറയുന്നു.

Share this Article

Leave a Comment