Newsperseconds.com

ചരിത്ര നേട്ടങ്ങളുടെ വര്‍ഷം; ചരക്കുനീക്കത്തില്‍ ‘അതിവേഗ’ റെക്കോര്‍ഡ്, വിഴിഞ്ഞത്ത് എത്തിയത് 615 കപ്പലുകള്‍

Vizhinjam Port

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യപ്രവര്‍ത്തനം തുടങ്ങി ഒരുവര്‍ഷത്തിനിടെ അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ചെന്ന് മന്ത്രി വി എന്‍ വാസന്‍. ഇതുവരെ 615 കപ്പലുകളും 13.2 ലക്ഷം ടിഇയു കണ്ടെയ്നറും കൈകാര്യം ചെയ്ത് നേട്ടങ്ങളോടെ മുന്നേറുകയാണ് തുറമുഖം. അമേരിക്കയും യൂറോപ്പും ആഫ്രിക്കയും ഏഷ്യയും ഉള്‍പ്പെടെ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കുള്ള തുടര്‍സര്‍വീസുകള്‍വഴി ലോക മാരിടൈം ഭൂപടത്തില്‍ അടയാളപ്പെടുത്തിയ ഒരുവര്‍ഷമാണിതെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

399 മീറ്ററിലധികം നീളമുള്ള 41 അള്‍ട്രാ ലാര്‍ജ് കണ്ടെയ്‌നര്‍ വെസല്‍ (യുഎല്‍സിവി) അടക്കമുള്ള വമ്പന്‍ കപ്പലുകള്‍ തുറമുഖത്തെത്തി. 300 മീറ്ററില്‍ കൂടുതല്‍ നീളമുള്ള 154 കപ്പലും 16 മീറ്ററില്‍ കൂടുതല്‍ ആഴമുള്ള 45 കപ്പലുകളും ഇതില്‍പെടുന്നു. 17.1 മീറ്റര്‍ ആഴമുള്ള എംഎസ്‌സി വെറോണ എത്തിയതോടെ ദക്ഷിണേന്ത്യയില്‍ കൈകാര്യം ചെയ്തതില്‍ ഏറ്റവും ആഴമുള്ള കപ്പല്‍ എത്തിയെന്ന റെക്കോര്‍ഡും വിഴിഞ്ഞത്തിനു സ്വന്തമാക്കാനായി. ഇതിനിടയില്‍ ഇമിഗ്രേഷന്‍ ചെക് പോസ്റ്റ് അനുമതിയും ലഭിച്ചു.

തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനപദ്ധതികളുടെ ഔദ്യോഗികോദ്ഘാടനം ജനുവരിയില്‍ നടക്കും. 2024 ജൂലൈ 11നാണ് തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചത്. ഡിസംബര്‍ മൂന്നിന് വാണിജ്യപ്രവര്‍ത്തനവും തുടങ്ങി. 2025 മെയ് രണ്ടിന് തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു.

Share this Article

Leave a Comment