തിരുവനന്തപുരം: ഭരണഘടന വെറും ഒരു രേഖ മാത്രമല്ല, രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറയാണെന്ന് ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ. കെ.കെ. മനോജൻ പറഞ്ഞു. രാജ്യം ആഘോഷിക്കുന്ന 77-ാമത് റിപ്പബ്ലിക് ദിനം ഓരോ ആരോഗ്യപ്രവർത്തകനും സമൂഹത്തോടുള്ള കടമകൾ ഉത്തരവാദിത്വത്തോടെ നിർവഹിക്കേണ്ടതിന്റെ ഓർമപ്പെടുത്തലാണെന്നും, ഇന്ത്യയിലെ ആരോഗ്യപ്രവർത്തകർക്ക് വിദേശരാജ്യങ്ങളിൽ വലിയ അംഗീകാരം ലഭിക്കുന്നതിൽ നമുക്ക് അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ക്യാമ്പസിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഡോ. കെ.കെ. മനോജൻ. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കണമെന്ന ശ്രീ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന്റെ ദർശനത്തിന്റെ ഭാഗമായി, മറ്റ് സ്വകാര്യ ആശുപത്രികളിൽ നിന്ന് വ്യത്യസ്തമായ ചികിത്സാ സൗകര്യങ്ങളാണ് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ 150 മെഡിക്കൽ സീറ്റുകൾ 250 ആയി ഉയർത്തുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഡോ. മനോജൻ അറിയിച്ചു.
നിർധനരും ആശ്രയമില്ലാത്തവരുമായ 80 വയസിന് മുകളിലുള്ള വയോധികർക്കായി ജീഡിയാട്രിക് ആൻഡ് പാലിയേറ്റീവ് കെയർ സംവിധാനം ഗോകുലം മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്നതായും, ഇത് ചെയർമാൻ ഗോകുലം ഗോപാലന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്നതാണെന്നും വൈസ് ചെയർമാൻ ഡോ. കെ.കെ. മനോജൻ വ്യക്തമാക്കി.