ലോകം കടുത്ത അസ്ഥിരത നേരിടുന്ന ഈ ഘട്ടത്തിൽ ആയുധമത്സരം ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യേണ്ടതുണ്ടെന്ന് മാർപാപ്പ ലിയോ പറഞ്ഞു. അമേരിക്കയും റഷ്യയും തമ്മിലുള്ള ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ട് ഉടമ്പടി പുതുക്കണം എന്നാവശ്യപ്പെട്ട് വത്തിക്കാനിൽ നടത്തിയ പ്രതിവാര പ്രഭാഷണത്തിലാണ് മാർപാപ്പ ശക്തമായ ആഹ്വാനം നടത്തിയത്.
ഓരോ രാജ്യവും വിന്യസിച്ചിരിക്കുന്ന തന്ത്രപരമായ ആണവായുധങ്ങളുടെ എണ്ണം നിയന്ത്രിക്കുന്ന ഈ കരാർ പുതുക്കാൻ അമേരിക്കയിലെയും റഷ്യയിലെയും നേതാക്കൾ സന്നദ്ധത കാണിക്കണമെന്ന് മാർപാപ്പ പറഞ്ഞു. ഭയത്തിന്റെയും അവിശ്വാസത്തിന്റെയും പാത വിട്ട്, പൊതുനന്മയെ മുൻനിർത്തിയ ധാർമ്മിക സമീപനം ലോകരാജ്യങ്ങൾ സ്വീകരിക്കേണ്ടത് മുൻപത്തേക്കാളും അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2010-ൽ പ്രാഗിൽ അമേരിക്കയും റഷ്യയും ഒപ്പുവച്ച ന്യൂ സ്റ്റാർട്ട് കരാറിന്റെ കാലാവധി ബുധനാഴ്ച അർധരാത്രിയോടെ അവസാനിച്ചു. കരാർ പുതുക്കിയില്ലെങ്കിൽ, ഇരുരാജ്യങ്ങൾക്കും ആണവായുധ സംഭരണത്തിൽ നിലവിലുള്ള നിയന്ത്രണങ്ങൾ ഇല്ലാതാകുമെന്ന ആശങ്ക നിലനിൽക്കുകയാണ്. ഇത് ആഗോളതലത്തിൽ ആയുധമത്സരം വർധിപ്പിക്കുമെന്ന ഭീതിക്കിടയിലാണ് മാർപാപ്പയുടെ ഈ അഭ്യർത്ഥന.