ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന്റെ കയ്യില്‍ നിന്നും പണം പറ്റിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി പി. രാജീവ്. സംഭവം അതീവ ഗുരുതര പ്രശ്‌നമാണെന്നും പ്രതിക്കെതിരെ നടപടിയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പണം തട്ടിയെടുത്തവര്‍ക്കെതിരെ ഉടനടി നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തെ തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹസീന മുനീറിനെ സസ്‌പെന്‍ഡ് ചെയ്തു. ഹസീനയുടെ ഭര്‍ത്താവ് കൂടിയാണ് പ്രതിയായ മുനീര്‍. സംഭവം വിവാദമായതോടെ തട്ടിപ്പ് നടന്നില്ലെന്നു പറയാന്‍ കുട്ടിയുടെ അച്ഛനെ മുനീര്‍ വിളിച്ചി പറഞ്ഞിരുന്നു. കുടുംബം വഴങ്ങാതെ വന്നതോടെയാണ് മുനീര്‍ പണം തിരിച്ചു നല്‍കിയത്.
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരി പെണ്‍കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ പൈസയില്‍ നിന്നും മുനീര്‍ എന്നയാള്‍ 1,200,00 രൂപ തട്ടിയെടുത്തതായാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ തിരിച്ചു നല്‍കാതത്തിനാല്‍ പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ 70,000 രൂപ തിരിച്ചു നല്‍കിയെന്നും ബാക്കി തുക നല്‍കിയില്ലെന്നും കുട്ടിയുടെ അച്ഛന്‍ പറയുന്നു.
കുട്ടി കൊല്ലപ്പെട്ട സമയത്ത് കുടുംബത്തെ രക്ഷിക്കാന്‍ മുന്നില്‍ നിന്നയാളാണ് മുനീര്‍ എന്നും എന്നാല്‍ പിന്നീട് പിതാവിന്റെ അക്കൗണ്ടില്‍ നിന്ന് എടിഎം കാര്‍ഡ് ഉപയോഗിച്ച് പണമെടുക്കുകയായിരുന്നു. ഇത്തരത്തില്‍ പല തവണകളായി 1.2 ലക്ഷം രൂപയോളം പിന്‍വലിച്ചിരുന്നുവെന്നും അതില്‍ വളരെ കുറച്ച് മാത്രമാണ് തങ്ങള്‍ക്ക് തന്നതെന്നും കുട്ടിയുടെ പിതാവ് പരാതിയില്‍ പറയുന്നു.