പാലക്കാട് കാടാങ്കോട് ദമ്പതികൾ മരിച്ച സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന മകന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. യശോദയുടെ(55) മരണം മകൻ അനൂപിൻ്റെ(27) മർദ്ദനത്തെ തുടർന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. യശോദയുടെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യശോദയുടെ ഭര്‍ത്താവ് അപ്പുണ്ണി(60) മരിച്ചത് ഹൃദയാഘാതം മൂലമാണെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.
അയ്യപ്പൻകാവ് സ്വദേശി അപ്പുണ്ണി, ഭാര്യ യശോദ എന്നിവരെ ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മകൻ അനൂപ് ഇരുവരെയും മർദ്ദിച്ചെന്നായിരുന്നു ബന്ധുക്കളുടെ പരാതി. ഇന്‍ക്വസ്റ്റിൽ യശോദയുടെ മൃതശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. മകന് അനൂപ് യശോദയെ ചവിട്ടി വീഴ്ത്തിയിരുന്നതായി പൊലീസിന് നാട്ടുകാരും ബന്ധുക്കളും നൽകിയ വിവരം. മാതാപിതാക്കളെ പതിവായി അനൂപ് മർദ്ദിക്കാറുണ്ടായിരുന്നു.