Newsperseconds.com

ഇനി ശരണം വിളിയുടെ നാളുകള്‍; പുതിയ മേല്‍ശാന്തിമാരുടെ സാന്നിധ്യത്തില്‍ ശബരിമല നട തുറന്നു; സന്നിധാനത്ത് ഭക്തജന തിരക്ക്

Capture

പത്തനംതിട്ട: ശബരിമലയില്‍ പുതിയ മേല്‍ശാന്തിമാരുടെ സാന്നിധ്യത്തില്‍ ശബരിമല, മാളികപ്പുറം ക്ഷേത്ര നടകള്‍ തുറന്നു. ഇന്ന് പുലര്‍ച്ചെ മൂന്നിന് മേല്‍ശാന്തി പിഎന്‍ മഹേഷ് ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ സാന്നിധ്യത്തിലാണ് നട തുറന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ സന്നിധാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. രാവിലെ അവലോകന യോഗം നടക്കും.

നട തുറന്നതിന് ശേഷം ഗണപതി ഹോമം, നെയ്യഭിഷേകം എന്നിവ നടന്നു. മണ്ഡല കാല തീര്‍ത്ഥാടനത്തിനായി നട ഇന്നലെ തുറന്നെങ്കിലും പ്രത്യേക പൂജകള്‍ ഒന്നുമുണ്ടായിരുന്നില്ല.
ജന്മത്തില്‍ ലഭിക്കുന്ന മഹാ സൗഭാഗ്യമായിട്ടാണ് ഈ നിയോഗത്തെ കാണുന്നതെന്ന് മേല്‍ശാന്തി മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ശബരിമല പ്ലാസ്റ്റിക്ക് മുക്തമാക്കാന്‍ തീര്‍ത്ഥാടകര്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൃശ്ചികം ഒന്നിന് പുലര്‍ച്ചെ മുതല്‍ വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത്. ഡിസംബര്‍ 26 നാണ് തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കുക. 27 ന് മണ്ഡല പൂജ നടക്കും. 27 ന് രാത്രി ഹരിവരാസനം പാടി അടയ്ക്കുന്ന നട മകരവിളക്ക് ഉത്സവത്തിനായി 30 ന് വൈകുന്നേരം തുറക്കും. 2024 ജനുവരി 15 നാണ് മകരവിളക്ക്.

 

Share this Article

Leave a Comment