നവകേരള ബസില്‍ ആഡംബരമെന്താണെന്ന് തനിക്കും കൂടെയുള്ള മന്ത്രിമാർക്കും കണ്ടെത്താനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസര്‍ഗോഡ് മഞ്ചേശ്വരത്ത് നവകേരള സദസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ നിന്നും താനും മറ്റ് മന്ത്രിമാരും ആദ്യമായി ബസില്‍ കയറിയത്. എന്നാൽ ബസിന്റെ ആഢംബരം എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ രിപാടി കഴിയുമ്പോള്‍ ബസില്‍ കയറണം. അതിന്റെ ഉള്ളില്‍ പരിശോധന നടത്തി ആഡംബരമെന്താണെന്ന് മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങൾ ശത്രുതാപരമായിട്ടാണ് സർക്കാറിനോട് പെരുമാറുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന് വിഘാതമുണ്ടാകുന്ന എന്തെങ്കിലും ഇടത് സർക്കാർ മാധ്യമപ്രവർത്തകരോട് ചെയ്തിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇടത് സർക്കാർ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രത്തെയും യുഡിഎഫിനെയും രൂക്ഷഭാഷയിൽ വിമർശിച്ചു. സംസ്ഥാനത്തെ സാമ്പത്തികമായി തകർക്കാനുള്ള നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്. ബദൽ സാമ്പത്തിക നയം നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. സർക്കാറിനെ സാമ്പത്തികമായി ശ്വാസം മുട്ടിച്ച് പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
2016 ന് മുൻപ് കേരളീയർ കടുത്ത നിരാശയിൽ ആയിരുന്നു. മാറ്റം ഉണ്ടാകില്ലെന്ന് കരുതിയിടത്ത് നിന്നാണ് ഇടത് സർക്കാർ ഭരണത്തിലെത്തിയത്. റോഡുകൾ മെച്ചപ്പെടുത്തി. കേരളത്തിൽ ദേശീയ പാതാവികസനം കൊണ്ടുവന്നു. യുഡിഎഫ് സർക്കാർ ആയിരുന്നെങ്കിൽ കേരളത്തിൽ മാറ്റം ഉണ്ടാകുമായിരുന്നില്ല.