കാസര്‍കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും അണിനിരന്ന നവകേരള സദസ്സിന് ശുചിത്വപ്രതിജ്ഞയോടെ പൈവളികെയില്‍ തുടക്കമിട്ടപ്പോള്‍ വിവാദങ്ങളും എതിര്‍പ്പുകളും ആളിക്കത്തുന്നു. ഉദ്ഘാടനം നടക്കുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും വേദിയില്‍ സന്നിഹിതരായിരുന്നു. വേദിയില്‍ അണിനിരന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സദസ്സും ഒരുമിച്ച് ശുചിത്വ പ്രതിജ്ഞ എടുത്തു. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പരാമ്പരാഗത തുളുനാടന്‍ ശൈലിയായിരുന്നു സ്വീകരിച്ചത്. കൊമ്പും വാദ്യവും മുഴക്കിയാണ് മന്ത്രിസഭയെ വേദിയിലേക്ക് ആനയിച്ചത്.
എന്നാല്‍, നവകേരള സദസ്സിനെ ‘നാടുവാഴിസദസ്സ്’ എന്നാണ് വി മുരളീധരന്‍ പരിഹസിച്ച് പറഞ്ഞത്. നാടുവാഴികള്‍ എഴുന്നള്ളുന്നത് പോലെ എഴുന്നള്ളുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. 1,600 രൂപ പെന്‍ഷന്‍ കൊടുക്കാന്‍ ഇല്ലാത്ത ഭരണത്തലവന്‍ ഒന്നരക്കോടിയുടെ ബസ്സില്‍ സഞ്ചരിക്കുകയാണെന്നും വി മുരളീധരന്‍ പറഞ്ഞു.