കാസര്‍കോട്: നവകേരള സദസിലേക്ക് എത്തിയ ആദ്യ പരാതിക്കത്ത് വൈറലാകുന്നു. നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരിട്ട് പരാതി നല്കാന് ആവില്ലെങ്കിലും പ്രത്യേക കൗണ്ടറുകള്‍ വഴി അത് നല്‍കാം. അങ്ങനെ എത്തിയ ആദ്യത്തെ പരാതി സര്‍ക്കാരിന്റെ ബെവ്കോ ഔട്ട്ലെറ്റില് നിന്നും മദ്യം വാങ്ങുന്ന മദ്ധ്യവയസ്കന്റേതായിരുന്നു. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനെതിരെയാണ് പരാതി.
ബെവ്കോയിലൂടെ വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നുവെന്നും ഗോവന്‍ മദ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ ബെവ്കോ വില്‍ക്കുന്നത് വീര്യം കുറഞ്ഞ മദ്യമാണെന്നുമാണ് കത്തില്‍ എഴുതിയിരിക്കുന്നത്. മദ്യത്തിന് ലഹരി പോരെന്നും കേരളത്തില്‍ മദ്യത്തിന് വില കൂടുതലാണെന്നും പരാതിയില്‍ പറയുന്നു. പ്രിയപ്പെട്ട മുഖ്യമന്ത്രി, കള്ളിന് കിക്ക് കിട്ടുന്നില്ല, ഗോവ സാധനം ക്വാര്‍ട്ടര്‍ കിട്ടുന്നില്ല,മത്തുമില്ല. ദിവസം 400 രൂപ കൊടുത്ത് കുടിക്കാന്‍ പറ്റുന്നില്ല. ഇപ്പോള്‍ എന്തെങ്കിലും ചെയ്യണം..ഇതായിരുന്നു വിശ്വംഭരന് സ്വന്തം കൈപ്പടയില്‍ കത്തില്‍ എഴുതിയിരുന്നത്.
കാസര്‍കോട് ടൗണ്‍ ഭണ്ഡാരി റോഡിലുള്ള ബെവ്കോ ഔട്ട്ലെറ്റിലെ സ്റ്റോര്‍ ഇന്‍ചാര്‍ജ് ശ്രീകുമാറിനാണ് വിശ്വംഭരന് നിവേദനം നല്‍കിയത്. നവകേരള സദസ് നടക്കുന്ന വേദിയിലേക്ക് തനിക്ക് പോകാന്‍ കഴിയില്ലെന്നും അതിനാലാണ് പരാതി ബെവ്കോ അധികൃതര്‍ക്ക് നല്‍കിയതെന്നും വിശ്വംഭരന് പറഞ്ഞു.