കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചലച്ചിത്രതാരം വിനോദ് തോമസിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും. കോട്ടയം മെഡിക്കൽ കോളേജിലാകും പോസ്റ്റുമോർട്ടം.
ഇന്നലെ വൈകുന്നേരം 5.30 യോടെയാണ് അബോധാവസ്ഥയില്‍ വിനോദിനെ കാറില്‍ കണ്ടെത്തിയത്. കോട്ടയം പാമ്പാടിയിലെ ബാറിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലായിരുന്നു ബോധമില്ലാതെ മണിക്കൂറുകളോളം കിടന്നത്. തുടര്‍ന്ന് ഒരുപാട് വിളിച്ചിട്ടും കാറ് തുറക്കാതെ വന്നതോടെ കാറിന്റെ വശത്തെ ചില്ല് പൊട്ടിച്ചാണ് ഹോട്ടല്‍ ജീവനക്കാര്‍ വിനോദിനെ പുറത്തെടുത്തത്.
2 മണി മുതല്‍ സ്റ്റാര്‍ട്ടാക്കിയ കാറില്‍ ഇരുന്ന വിനോദിനെ മണിക്കൂറുകള്‍ കാണാതെ വന്നതോടെയാണ് അന്വേഷിച്ചത്. സ്റ്റാര്‍ട്ടാക്കിയ കാറില്‍ പ്രവര്‍ത്തിച്ചിരുന്ന എസിയില്‍ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്നാണ് സംശയം. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു. അയ്യപ്പനും കോശിയും, ജൂണ്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.