സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവകേരള സദസിന്റെ രണ്ടാം ദിനമായ ഇന്ന് കാസര്‍കോട് ജില്ലയിലെ മണ്ഡലങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കും. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയിലെ പൗരപ്രമുഖരുമായി കാസര്‍കോട് റസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. തുടർന്ന് 10.30 ക്ക് മാധ്യമങ്ങളുമായി സംസാരിച്ച ശേഷം ഇന്ന് കാസര്‍കോട് മണ്ഡലം നവ കേരള സദസ്സ് നടക്കുന്ന നായന്മാര്‍മൂല മിനി സ്റ്റേഡിയത്തിൽ പോകും. വൈകീട്ട് മൂന്ന് മണിക്ക് ഉദുമയിലും നാലരയ്ക്ക് കാഞ്ഞങ്ങാടും ആറുമണിക്ക് തൃക്കരിപ്പൂരിലുമാണ് നവകേരള സദസ് നടക്കുക.
നവകേരള സദസിന്റെ ആദ്യ ദിനമായ ഇന്നലെ 2200 പരാതികളാണ് ലഭിച്ചത്. മഞ്ചേശ്വരത്ത് ലഭിച്ച പരാതികളില്‍ 45 ദിവസത്തിനകം പരിഹാരം കാണണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ നിന്നുള്ള മന്ത്രിമാർക്കാണ് ഇതിന്റെ ചുമതല. നാളെ കണ്ണൂര്‍ ജില്ലയിലാണ് പര്യടനം.
വിവിധ ജില്ലകളിലെ പരിപാടികള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ 23 ന് വൈകീട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് നവകേരള സദസിന്റെ സമാപനം. ഓരോ ജനസദസിലും 5000 പേരെങ്കിലുമുണ്ടാകണമെന്നാണ് സംഘാടക സമിതിക്കുള്ള നിര്‍ദ്ദേശം.