തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ 4 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അഭി വിക്രം, വികാസ് കൃഷ്ണന്‍, ബിനില്‍ വിനു, ഫെന്നി എന്നിവരെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്ളതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. കൂടാതെ, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് നല്‍കും. ശനിയാഴ്ച തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
അറസ്റ്റ് രേഖപ്പെടുത്തിയ മൂന്നു പേര്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നാട്ടുകാരാണ്. നാല് പേര്‍ക്കും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണത്തില്‍ കൃത്യമായ പങ്കുണ്ടെന്ന് തെളിവുണ്ടെന്നാണ് പോലീസ് പറയുന്നത്. അതേ സമയം, കേസെടുത്ത് യൂത്ത് കോണ്‍ഗ്രസിനെ വരുതിയിലാക്കാം എന്ന് കരുതേണ്ടെന്നും കസ്റ്റഡിയിലുള്ള പ്രവര്‍ത്തകര്‍ എല്ലാം നിരപരാധികളാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. യൂത്ത് കോണ്‍ഗ്രസിന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കേണ്ട ആവശ്യം ഇല്ലെന്നും കേസന്വേഷണം സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയുടെ പുറത്താണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.