ഏകാദശി വ്രതശുദ്ധിയുടെ നിറവില്‍ ദര്‍ശന പുണ്യം തേടി ഗുരുവായൂരിലെത്തി പതിനായിരങ്ങള്‍. ഏകാദശികള്‍ പലതുണ്ടെങ്കിലും ഗുരുവായൂര്‍ ഏകാദശി ഏറെ പ്രസിദ്ധമാണ്. .ഐശ്വര്യവും അഭിവൃദ്ധിയും പകരുന്ന ഗുരുവായൂര്‍ ഏകാദശിക്ക് ദര്‍ശന പുണ്യം തേടി നിരവധി ഭക്തരാണ് ഇന്ന് ഗുരുവായൂരില്‍ എത്തിച്ചേരുന്നത്. പൊന്നോടക്കുഴലും പീലി തിരുമുടിയുമായി പട്ടുകോണകമെടുത്ത് നില്‍ക്കുന്ന ഗുരുവായൂരപ്പനെ കാണാന്‍ ഭക്തജന പ്രവാഹമാണ്. കേരളത്തില്‍ സ്വന്തമായി ഏകാദശി ആഘോഷങ്ങളുള്ള അപൂര്‍വ്വം വൈഷ്ണവക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂര്‍ ക്ഷേത്രം. ഇന്നലെ ദശമിനാളില്‍ത്തന്നെ ഭക്തരുടെ ഒഴുക്ക് തുടങ്ങിയിരുന്നു. രാത്രി പത്ത് ഇടയ്ക്കകളും പത്ത് നാഗസ്വരങ്ങളും അണിനിരക്കുന്ന വിളക്കെഴുന്നള്ളിപ്പ് ഉണ്ടാകും. സ്വര്‍ണക്കോലം കൊമ്പന്‍ ഇന്ദ്രസെന്‍ ശിരസ്സിലേറ്റും. വ്രതവിഭവങ്ങളോടെയുള്ള ഏകാദശിയൂട്ട് രാവിലെ ഒമ്പതിന് അന്നലക്ഷ്മിഹാളിലും തെക്കേനട പന്തലിലും ആരംഭിച്ചു. വരി ഉച്ചയ്ക്ക് രണ്ടിന് അവസാനിപ്പിക്കും.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആട്ടവിശേഷങ്ങളിലൊന്നാണ് വൃശ്ചികമാസത്തിലെ വെളുത്ത ഏകാദശി ദിവസം ആചരിച്ചുവരുന്ന ഗുരുവായൂര്‍ ഏകാദശി. ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായാണ് ഇത് കണക്കാക്കിവരുന്നത്. ഐതിഹ്യപ്രകാരം വൈകുണ്ഠനാഥനാല്‍ തന്നെ നിര്‍മ്മിയ്ക്കപ്പെട്ടതും, ബ്രഹ്മാവ്, സുതപസ്സ്, കശ്യപന്‍, വസുദേവര്‍ എന്നിങ്ങനെ പോയി ഒടുവില്‍ ശ്രീകൃഷ്ണഭഗവാന്റെ തന്നെയും പൂജയേറ്റുവാങ്ങിയതുമായ പാതാളാഞ്ജനനിര്‍മ്മിതമായ വിഷ്ണുവിഗ്രഹം, ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേര്‍ന്ന് പ്രതിഷ്ഠ നടത്തിയത് വൃശ്ചികമാസത്തിലെ വെളുത്ത ഏകാദശിനാളിലാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കുരുക്ഷേത്ര യുദ്ധത്തിനിടയില്‍ പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ട് തേര്‍തട്ടില്‍ തളര്‍ന്നിരുന്ന അര്‍ജ്ജുനന് ശ്രീകൃഷ്ണന്‍ ഗീത ഉപദേശിച്ചുകൊടുത്തതും ഈ ദിവസമാണെന്ന് വിശ്വസിച്ചുവരുന്നു. അതിനാല്‍, ഗീതാദിനമായും ഇത് ആചരിയ്ക്കപ്പെടുന്നു.
ഉണ്ണിക്കണ്ണനോടുള്ള ഇഷ്ടവും ഭക്തിയും ജനങ്ങളില്‍ നിറഞ്ഞു കവിയുമ്പോള്‍ അതില്‍ നിന്ന് വ്യത്യസ്ഥമായി കണ്ണനെ പ്രണയിക്കുകയാണ് ജസ്‌ന എന്ന കൊയിലാണ്ടിക്കാരി. ഗുരുവായൂര്‍ കൃഷ്ണനോട് ജസ്‌നക്ക് മതിവരാത്ത ഭക്തിയും സ്‌നേഹവുമാണ്. സാധാരണയായി ഉണ്ണിക്കണ്ണന്റെ പിറന്നാളിന് വെണ്ണക്കണ്ണന്‍ ചിത്രവുമായി മുടങ്ങാതെ കൊയിലാണ്ടി പുളിയരിക്കുന്നത്ത് ജസ്ന സലിം എത്താറുണ്ട്. ചില കാരണങ്ങളാല്‍ ഇന്ന് ഏകാദശി നാളില്‍ ഗുരുവായൂര്‍ നടയില്‍ എത്താന്‍ ജസ്‌നക്ക് സാധിച്ചില്ല. എങ്കിലും ഗുരുവായൂര്‍ ഭക്തരുടെ മനസ്സില്‍ ജസ്‌ന ഇടംപിടിച്ചു കഴിഞ്ഞു.
ജസ്ന കണ്ണനെ വരച്ചുതുടങ്ങിയിട്ട് പത്ത് വര്‍ഷങ്ങളോളമായി. ശ്രീകൃഷ്ണജയന്തിക്കും വിഷുവിനുമുള്ള ഗുരുവായൂര്‍ സന്ദര്‍ശനവും ജസ്‌ന മുടക്കാറില്ല. കല്ല്യാണത്തിന് ശേഷമാണ് ജസ്‌ന കണ്ണനെക്കുറിച്ച് അറിയാന്‍തുടങ്ങിയത്. ദിവസങ്ങള്‍ എടുത്താണ് ജസ്‌ന ഓരോ ചിത്രവും വരക്കുന്നത്. തന്റെ ജീവിതം തന്നെ മാറ്റിമറിച്ചത് കണ്ണനാണെന്ന് ജസ്‌ന പറയുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ചിത്രങ്ങള്‍ മാത്രമാണ് ജസ്‌ന വരക്കാറുള്ളത്. ആയിരത്തിലേറെ ചിത്രങ്ങളാണ് ജസ്‌ന കൃഷ്ണനു വേണ്ടി സമര്‍പ്പിച്ചത്. കൂടാതെ ജസ്‌ന കണ്ണന്റെ ചിത്രം ആവശ്യക്കാര്‍ക്കും ചെറിയ ചിലവില്‍ ചെയ്ത് എത്തിച്ചു കൊടുക്കുന്നുണ്ട്.
വീട്ടില്‍ ഓമനപ്പേരായി കണ്ണാ എന്നു വിളിച്ചിരുന്നെങ്കിലും വീടുപണി സമയത്ത് സാധനം പൊതിഞ്ഞു കൊണ്ടു വന്ന കടലാസിലെ ചിത്രമാണ് വരയിലേക്ക് ഇവരെ എത്തിച്ചത്. വര തുടങ്ങിയതോടെ പിന്നെ ആവേശമായി. പല തവണകളായി ചിത്രങ്ങള്‍ വരച്ച് ഒരുപാട് കലാകാരന്‍മാര്‍ക്കും ജസ്‌ന സമ്മാനിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ദിലീപ്, ഉണ്ണിമുകുന്ദന്‍, ജയറാം, മനോജ് കെ ജയന്‍, ചിത്ര, അനുശ്രീ തുടങ്ങി നിരവധി ചലച്ചിത്ര കലാകാരന്‍മാര്‍ക്ക് കൃഷ്ണന്റെ ചിത്രം വരച്ച് ജസ്‌ന സമ്മാനിച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലും ജസ്‌നയുടെ ചിത്രത്തിന് ആരാധകര്‍ ഏറെയാണ്.