കല്‍പറ്റ: നവകേരള സദസ് കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ സദസ് ചരിത്രം സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റു പാര്‍ട്ടിക്കാര്‍ സദസ് ബഹിഷ്‌കരിച്ചെങ്കിലും ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് കിട്ടിയതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവില്‍ നിന്ന് വരുന്ന വാക്കുകള്‍ ഇരിക്കുന്ന പദവിക്ക് യോജിക്കാത്തതാണ്. സദസ് വിജയമാകുന്നതിന്റെ മനോവിഭ്രാന്തിയാണിതെന്നും പ്രതിപക്ഷ നേതാവ് കുറച്ചു കൂടെ ഉത്തരവാദിത്തത്തോടെ പ്രതികരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നവകേരള സദസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മറ്റു വിവാദങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവത്തില്‍ താന്‍ പറഞ്ഞത്, ബസിനു മുന്നിലേക്ക് ചാടിയ പ്രവര്‍ത്തകനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയത് കണ്ടതിനെ കുറിച്ചാണ്. അതിനു ശേഷം നടന്നത് എന്റെ കണ്‍മുന്നിലല്ല. താന്‍ നടത്തിയത് അതിക്രമത്തിനുള്ള പ്രോത്സാഹനമല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കണ്ണൂരില്‍ നവകേരള ബസിന് അഭിവാദ്യമര്‍പ്പിക്കാന്‍ കുട്ടികളെ ഇറക്കിയ സംഭവം ശരിയായില്ല. സ്‌കൂള്‍ കുട്ടികളെ ഇറക്കുന്നത് ഗുണകരമല്ല. ഇത് ആവര്‍ത്തിക്കരുത്. ഞാന്‍ കണ്ട കുട്ടികള്‍ നിന്നത് തണലത്താണ്. ഇതു പോലെയുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.