പാർട്ടി പ്രവർത്തനത്തിൽ നിന്ന് വിട്ടു നിൽക്കാൻ മൂന്നു മാസത്തെ അവധിക്ക് അപേക്ഷ നൽകി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രമേഹത്തെ തുടർന്ന് വലതുകാൽപാദം മുറിച്ചുമാറ്റിയ സാഹചര്യത്തിലാണ് അവധിയ്ക്ക് അപേക്ഷ നൽകിയത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുളള കാനം, പ്രമേഹം മൂർച്ഛിച്ചതിനെ തുടർനെ തുടർന്ന് വലതു കാൽപാദം മുറിച്ചു മാറ്റിയതിനെ തുടർന്നുള്ള ചികിത്സയിലാണ്.
ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും കൃത്രിമ പാദം ഘടിപ്പിക്കുന്നതിന് സമയം വേണ്ടിവരും. ഈ സമയം പാർട്ടിയുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിന് എന്തുചെയ്യണമെന്ന് 30ന് ചേരുന്ന സിപിഐ നിർവാഹ സമിതി യോഗത്തിൽ തീരുമാനമാകും. ആദ്യം മൂന്ന് വിരലുകൾ മുറിച്ചുമാറ്റിയെങ്കിലും അണുബാധ നിയന്ത്രിക്കാൻ സാധിക്കാത്തതിനെത്തുടർന്ന് പിന്നീട് കാൽപാദം മുറിച്ചുമാറ്റുകയായിരുന്നു.
കാനത്തിന്റെ അവധി അപേക്ഷ പരിഗണിക്കുന്ന നിർവാഹ സമിതി പകരം താത്ക്കാലിക സംവിധാനം ഒരുക്കും. താൻ അവധിയിലുള്ള കാലത്ത് മുതിർന്ന നേതാക്കൾ കൂട്ടായി പാർട്ടിയെ നയിക്കണമെന്നാണ് കാനത്തിൻറെ ആഗ്രഹം.