പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി ഹർഷിനയുടെ പരാതി പരിഹരിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹർഷിനയുമായി സർക്കാർ സംസാരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ആരെയും സംരക്ഷിക്കില്ല എന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് ആവർത്തിച്ചു.
അതേസമയം, സംഭവത്തിൽ പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ നടപടിയുണ്ടാകാത്ത പക്ഷം വീണ്ടും സമരത്തിനൊരുങ്ങുകയാണ് ഹർഷിന. കോഴിക്കോട് നടക്കുന്ന നവകേരള സദസ്സില്‍ മറുപടി പ്രതീക്ഷിക്കുന്നതായി സമരസമിതി അറിയിച്ചിരുന്നു. അല്ലങ്കില്‍ നവ കേരള സദസ്സ് അവസാനിക്കുന്ന ഡിസംബര്‍ 23ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്താണ് ഹര്‍ഷിനയുടെ തീരുമാനം. വിഷയത്തില്‍ തുടര്‍ നടപടി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ഷിനയുടെ ആവശ്യം. നാല് ആരോഗ്യ പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് 104 ദിവസം നീണ്ടു നിന്ന സമരം ഹര്‍ഷിന അവസാനിപ്പിച്ചത്.